കൊട്ടാരക്കര: കേന്ദ്രസംസ്ഥാന അന്വേഷണം നേരിടുന്ന എംസാന്റ് യൂണിറ്റിന് വേണ്ടി മാലയില്‍ മലപ്പത്തൂരില്‍ നടക്കുന്ന കെട്ടിടനിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണസമിതിയോഗം ആവശ്യപ്പെട്ടു.
വെളിയം പഞ്ചായത്തിലെ മാലയില്‍ മലപ്പത്തൂരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന 140 ഏക്കര്‍ മിച്ചഭൂമിയിലെ എംസാന്റ് ക്രഷര്‍ യൂണിറ്റുകള്‍ക്ക് വേണ്ടിയാണ് കെട്ടിടനിര്‍മ്മാണം നടക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുകൊടുക്കുന്നതില് വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നീ ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍ ഉണ്ടെന്ന് പരിസ്ഥിതി സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥ അഴിമതിക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ സമരം മാലയില്‍ മലപ്പത്തൂരില്‍ നിലനില്‍ക്കുമ്പോഴാണിത്.
വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണം, ഭൂസംരക്ഷണനിയമം എന്നിവ കാറ്റില്‍ പറത്തിക്കൊണ്ടാണ് ക്രഷര്‍, പാറക്വാറി, എംസാന്റ് എന്നീ യൂണിറ്റുകള്‍ക്ക് വേണ്ടി കോടികള്‍ മുടക്കിക്കൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും അട്ടിമറിക്കാന്‍ അണിയറ നീക്കം നടക്കുന്നുണ്ട്. കൊട്ടാരക്കര താലൂക്കിലെ ഭൂരിഭാഗം ജനങ്ങളും കേരളത്തിലെ ഒട്ടുമിക്ക പരിസ്ഥിതി സംഘടനകളും കൊല്ലം ആര്‍ഡിഒക്കും ജില്ലാകളക്ടര്‍ക്കും ഉന്നതാധികാരികള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സമാനചിന്താഗതിക്കാരായ സംഘടനകളുമായി കൂടിച്ചേര്‍ന്ന് ഇതിനെതിരെ ശക്തമായി സമരം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. ക്വാറി മാഫിയകളുടെ ധിക്കാരപരമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസ് റവന്യൂ ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ.വി.കെ.സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പല്ലിശ്ശേരി, മുരളീധരന്, ഉദയകുമാര്‍, കുടവട്ടൂര്‍ വിശ്വന്, ബാലചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: