കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് മൈനിംങ് ഏരിയായില്‍ 22 വര്‍ഷമായി പണിയെടുക്കുന്ന 240 തൊഴിലാളികള്‍ സര്‍ക്കാരിന്റെയും ഐആര്‍ഇ മാനേജ്മെന്റിന്റെയും അവഗണനമൂലം പട്ടിണിയില്‍. 1993 മുതല്‍ വെള്ളനാതുരുത്ത് മൈനിംഗ് ഏരിയായില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഇനിയും സ്ഥിരപ്പെടുത്തിയിട്ടില്ല. കമ്പനിയില്‍ ഒഴിവുവരുന്ന ജോലികള്‍ക്ക് തൊഴിലാളികളെ നിയമിക്കാമെന്ന മുന്‍കരാര്‍ കമ്പനിയും സര്‍ക്കാരും അട്ടിമറിക്കുകയായിരുന്നു.
തൊഴിലാളികളുടെ നിലവിലുള്ള ശമ്പളം വെട്ടിക്കുറയ്ക്കുകയും ഉള്ള തൊഴില്‍ ഇല്ലാതാക്കുകയും ചെയ്തു. 2012ല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വര്‍ഷത്തിനകം മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയും മന്ത്രി ഷിബുബേബിജോണിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രി ഷിബുബേബിജോണ്‍ അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം.
തൊഴിലാളികള്‍ വിവിധ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്ത് നിര്‍മ്മിച്ച വീടുകള്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ തൊഴിലാളികള്‍ വിറ്റുതുടങ്ങി. ബാങ്കുകളില്‍ നിന്നെടുത്ത വായ്പാതുകകള്‍ തിരിച്ചടക്കാന്‍ കഴിയാതെ തൊഴിലാളികള്‍ ആത്മഹത്യക്ക് ഒരുങ്ങുന്നു. മൈനിംഗ് ഏരിയായില്‍ പണിയില്ലാതായതോടെ തൊഴിലാളികളുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്.
അതേസമയം കഴിഞ്ഞദിവസം വെള്ളനാതുരുത്തില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി യൂണിയന് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്വന്ഷന് നടന്നു. 20ന് കരുനാഗപ്പള്ളി ടൗണില്‍ ബഹുജന കണ്വന്ഷന് നടത്തുന്നതിനും 24 മുതല്‍ ഐആര്‍ഇയ്ക്ക് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നതിനും സമരപ്രഖ്യാപന കണ്വന്ഷന് തീരുമാനിച്ചു. കമ്പനി ബോധപൂര്‍വം നടത്തിവരുന്ന തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന സമരപ്രഖ്യാപനയോഗം സര്‍ക്കാരിനോട് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വെള്ളനാതുരുത്തില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ അഡ്വ.കെ.കെ.രാധാകൃഷ്ണന്, അഡ്വ.വി.വി.ശശീന്ദ്രന്, ശ്യാംസുന്ദര്‍, കെ.സത്യരാഡന്, ബൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: