പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജില്ലയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സര്‍വകലാശാലക്ക് വരുമാനവും, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരവുമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടുന്നത് ദുരൂഹമാണെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.
സെന്റര്‍ പൂട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരവു ലഭിച്ചിട്ടില്ല. സിവില്‍ സ്റ്റേഷനിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകളിലെ തിരുത്തലുകള്‍ക്കും സംശയം തീര്‍ക്കാനുമായി 200 ഓളം പേരാണു ദിവസവും വരുന്നത്. ഒരു സര്‍വകലാശാല ജീവനക്കാരന്മാത്രമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രതിമാസ വരുമാനം ഒന്നരക്കോടിയിലേറെ രൂപയാണ്.
വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം, സാമ്പത്തിക നഷ്ടം എന്നിവ കുറയ്ക്കാനും ഉടന്‍ തീരുമാനം ലഭിക്കാനും 1994 ലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയത്. ഗവ. വിക്ടോറിയ കോളജില്‍ ആരംഭിച്ച സെന്റര്‍ പിന്നീട് 2001ല്‍ ഫ്രണ്ടസ് ജനസേവന കേന്ദ്രത്തിലേക്കു മാറ്റി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തിയാല്‍ 120 കിലോറ്റീര്‍ കിലോമീറ്റര്‍ താണ്ടി തേഞ്ഞിപ്പലത്തെ സര്‍വകലാശാലയിലേക്കു പോകേണ്ട അവസ്ഥ വരും.
റഗുലര്‍, വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ്, വിദ്യാര്‍ഥികള്‍, പഠനം കഴിഞ്ഞിറങ്ങിയവര്‍, പാതിവഴിയില്‍ നിര്‍ത്തിയവര്‍ എന്നിവരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ റജിസ്ട്രേഷന് നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനുമെല്ലാം ഇവിടെ സാധിച്ചിരുന്നു. ജില്ലയിലെ കോളജുകളുടെ അഫിലിയേഷന് അറിയാനും ഫീസുകള്‍ അടയ്ക്കാനും സാധിക്കും. സര്‍ട്ടിഫിക്കറ്റുകളില്‍ അറ്റസ്റ്റേഷന് നടത്താനും സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ജനസേവന കേന്ദ്രം ഇതിനായി ഒരുക്കി. ജനസേവന കേന്ദ്രം ഉദ്യോഗസ്ഥരും സഹായിക്കുന്നതോടെ ഇവിടെ കാര്യങ്ങള്‍ എളുപ്പമാണ്.
സെന്ററില്‍ ഫെബ്രുവരി മുതല്‍ മേയ് വരെ ഒരു ദിവസം 700-800 വിദ്യാര്‍ഥികള്‍ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെ എല്ലാ മാസവും തിരക്കുണ്ട്. ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ പ്രശ്നമായതിനാല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്ത്തനറിപ്പോര്ട്ടടങ്ങുന്ന നിവേദനം വൈസ്ചാന്‍സലര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പു നല്കാന് സര്‍വകലാശാല തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: