ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഗവ. ഗേള്‍സ് ഹൈസ്ക്കൂളിന് കിഴക്കുവശത്തുള്ള കവല ടൈല്‍ പാകുന്നതിന്റെ ഭാഗമായി സമീപത്തെ മരം മുറിച്ചുമാറ്റുന്ന ജോലികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. മരം വെട്ടുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ഗതാഗതം പുനഃസ്ഥാപിച്ചേക്കും. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചിട്ടും ഏറ്റവും കൂടുതല്‍ അയ്യപ്പന്മാര് കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതു സംബന്ധിച്ച് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കവല നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചത് കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു. കവലയില്‍ നിന്ന് നാല് വശങ്ങളിലേക്കും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ടൈലുകള്‍പാകി കവല പുനര്നിര്മ്മിക്കുവാന് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. മഴ പെയ്താല്‍ വെള്ളം കെട്ടുന്ന റോഡില്‍ ശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ നടത്തിയാല്‍ മാത്രമേ റോഡിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകൂ എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടൈലുകള്‍ പാകുന്നതോടെ ഇത്തരത്തില്‍ നവീകരിക്കുന്ന താലൂക്കിലെ ആദ്യത്തെ കവലയാകും ഇത്.
മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പായി റോഡ് നവീകരിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഭാഗീകമായി റോഡിലെ കുഴികള്‍ അടച്ചതല്ലാതെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നിത്യേന ആയിരത്തിലധികം വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: