ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16 മുതല്‍ 26 വരെ നടത്തുന്ന രാമായണ മഹാസത്രത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും വടകര കേശവന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം, ലക്ഷാര്‍ച്ചന, മൂലഗ്രന്ഥ പാരായണം, പ്രഭാഷണങ്ങള്‍, വിവിധ ഹോമങ്ങള്‍, അര്‍ച്ചനകള്‍ എന്നിവ സത്രമണ്ഡപത്തില്‍ നടക്കും. സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, വിജ്ഞാനസദസ്, വിനോദസദസ്, പ്രതിഭാസംഗമം, തന്ത്രി സംഗമം, അന്നദാനവും വിവിധ ദിവസങ്ങളിലായി നടക്കും.
സത്ര മണ്ഡപത്തിലേക്കുള്ള തീര്‍ഥജലം സരയു നദിയില്‍ നിന്നും മൂലഗ്രന്ഥം അയോദ്ധ്യയില്‍ നിന്നും പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും രഥ ഘോഷയാത്രകളായാണ് എത്തിക്കുന്നത്. ഈ രഥയാത്രകള്‍ 16ന് വൈകിട്ട് 4.30ന് തട്ടാരമ്പലം ദേവീ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ട് ഏഴിന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ദീപം തെളിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.ഡി. ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ചമ്പത്ത് റായ് മുഖ്യാതിഥിയായിരിക്കും. കലാസന്ധ്യ ജി. സുധാകരന് എംഎല്‍എയും വിജ്ഞാന് സദസ് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും ഉദ്ഘാടനം ചെയ്യും.
26ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ചെയര്മാന് ബി. ഹരികൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ പി. രഘുനാഥ്, കണ്‍വീനര്‍ പത്മരാജ്, വി. അനില്‍കുമാര്‍, സി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: