പൊന്‍കുന്നം : ”അന്യ സംസ്ഥാനത്തു നിന്നും വരുന്ന വര്‍ക്ക് അന്നദാനവും എല്ലാ സൗകര്യങ്ങളും ചെയ്യുന്ന മണക്കാട്ട് ക്ഷേത്രം സ്വാമിമാരുടെ ആശയും ആഭിലക്ഷവുമായി മറുന്നു. ശുചിത്വത്തോടും ആത്മാര്‍ത്ഥയോടെയും വിളമ്പുന്ന അന്നദാനം കഴിച്ചു അന്നദാന പ്രഭുവിനെ മനസ്സാ സ്മരിക്കുവാന് ഇട നല്കുന്ന ചിറക്കടവ് ഭക്ഷണമില്ലാത്തവനും ആശാകേന്ദ്രമായി മാറാറുണ്ട്. ഭക്ഷണം കഴിച്ച് മടങ്ങുന്ന ആയ്യപ്പന്മാര് പറയുന്നു ഞങ്ങള്‍ക്ക് തൃപ്തരായി. ചിറക്കടവുകാരെ സ്വാമി അയ്യപ്പന് അനുഗ്രഹിക്കട്ടെ” അന്യ സംസ്ഥാനത്ത് നിന്നും വരുന്ന അയ്യപ്പസംഘം ശബരിമല തീര്‍ത്ഥാടനപാതയ്ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ ഭിത്തിയില്‍ ഇങ്ങനെ കുറിച്ചതായും കാണാം. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരാണ് ദിവസംതോറും മണക്കാട്ട് ക്ഷേത്രത്തില്‍ എത്തുന്നത്. രാവിലെ പ്രഭാത ഭക്ഷണം തുടര്‍ന്ന് 9 മുതല്‍ അന്നദാനം, വൈകിട്ട് കഞ്ഞി, വിരിവച്ചു വിശ്രമിക്കുവാന്‍ സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ബാത്ത്റൂം കോംപ്ലക്സ്, കുളിമുറികള്‍, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള സൗകര്യം എന്നിങ്ങനെയുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ നല്കിവരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി മണക്കാട്ട് ക്ഷേത്രത്തില്‍ നടന്നുവരുന്ന സേവനക്യാമ്പ് നാട്ടുകാര്‍ പിന്നിട് സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇവിടേക്കാവശ്യമായ അരി, പയര്‍, പച്ചക്കറികള്‍ എന്നിവ നാട്ടുകാരായ ഭക്തജനങ്ങള്‍ ദിനേന ക്ഷേത്രത്തില്‍ എത്തിക്കുന്നു.
കര്‍ണ്ണാടക സംസ്ഥാനത്തുനിന്നാണ് ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തന്മാര് ക്ഷേത്രത്തില്‍ എത്തുന്നത്. അയ്യപ്പഭക്തന്മാര്ക്ക് ആവശ്യമായ സേവന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മണക്കാട്ട് ക്ഷേത്രത്തില്‍ ആരംഭിച്ചു. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കര്‍ണാടകസര്‍ക്കാരിന്റെ ആറംഗസംഘമാണ് മണക്കാട്ട് സേവനം അനുഷ്ഠിക്കുന്നത്. 24 മണിക്കൂറും സേവനക്യാമ്പ് പ്രവര്‍ത്തിക്കുന്നു. മകരവിളക്കുവരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കര്‍ണ്ണാടക സര്‍ക്കാരിന്റെ ദുരന്ത നിവാരണ സേനാത്തലവന് കെ. പ്രദീപിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മണക്കാട്ട് ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്. അപകടങ്ങളില്‍ പെടുന്നവരെയും ചികിത്സ ആവശ്യമുള്ളവരെയും കെ.വി.എം.എസ്. ആശുപത്രിയും സഹായിക്കുന്നു.
കര്‍ണ്ണാടക സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിനോടനുബന്ധിച്ച് 24 മണിക്കൂറും അന്നദാനം, ചുക്കുകാപ്പി വിതരണം, ഔഷധ കുടിവെള്ള വിതരണം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: