കുമരകം: കമ്യൂണിസം ഏറ്റവും അവസാനം കടന്നു വന്ന കുട്ടനാടന്‍ ഗ്രാമം കുമരകമായിരുന്നു. അതിനുശേഷം വ്യാപകമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളര്‍ച്ച നേടിക്കൊടുത്ത ഗ്രാമവും കുമരകം തന്നെ. എന്നാല്‍ 10 മുതല്‍ 13 വരെ കുമരകത്ത് നടന്ന സിപിഎം ഏരിയ സമ്മേളനം വന്‍ പരാജയമായിരുന്നെന്ന് രാഷ്ട്രീയനിരീക്ഷകര്‍. പാര്‍ട്ടി പ്രവര്‍ത്തകനും പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വേണ്ടപ്പെട്ട ബന്ധുക്കളെ അവരുടെ അന്ത്യസമയത്ത് ശുശ്രൂഷിക്കാന്‍ പോലും തരപ്പെടാതെ പോയ യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനായ എന്‍.കെ കമലാസനന് ‘ഒരു കുട്ടനാടന്‍ ഓര്‍മ്മക്കൊയ്ത്ത്’ എന്ന ആത്മകഥയില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘ഞാന്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നില്ല. 1964 ല്‍ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പല കഷ്ണങ്ങളാക്കി തീര്‍ത്തു.
ഏതായാലും നിര്‍ഭാഗ്യകരമായ ഒരു കാര്യം എല്ലാ കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ നിന്നും മൂല്യം നഷ്ടപ്പെട്ടു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഏതു ഹീനമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. സമൂഹം വെറുക്കുന്ന പലതും ചെയ്യുന്നു. സ്ഥാനമാനങ്ങള്‍ ഉപയോഗിച്ചു പണം സമ്പാദിക്കാമെന്നതുകൊണ്ട് കുതികല് വെട്ടും ചതിയും പാര്‍ട്ടിക്കുള്ളില്‍ ഒരു സാധാരണ സംഭവമാണ്. ചില സഖാക്കളുടെ മക്കളുടെ വിവാഹം നടത്തുന്നത് കുത്തക മുതലാളിമാര്‍ നടത്തുന്നതിലും ആര്‍ഭാടമായാണ്. മണി മന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്തുന്നു. എ.സി റൂമില്ലെങ്കില് ഉറക്കം വരുകില്ല. ഇത്തരം ഒരു പാര്‍ട്ടിയെങ്ങനെ വിപ്ലവപാര്ട്ടിയാകും? കുമരകത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് ആയ കുമരകം ശങ്കുണ്ണുമേനോന് തന്റെ ആത്മകഥയായ ‘വഴിത്തിരിവുകള്‍’ എന്ന പുസ്തകത്തില്‍ വേദനയോടെ എഴുതുന്ന ഒരു ഭാഗം ‘ഇങ്ങനെയുള്ള പല അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര ചരിത്രത്തിലുണ്ടായിട്ടുണ്ട്.
പപ്പേട്ടനെപ്പോലെയുള്ള പത്തരമാറ്റുള്ള തനി തങ്കത്തിന് തുല്യമായ സ്വഭാവശുദ്ധിയുള്ളവരും ധീരന്മാരും കമ്യൂണിസ്റ്റ്പാര്ട്ടിക്ക് സ്വന്തമായുണ്ടായിരുന്ന ചരിത്രമാണുള്ളത്. വീണ്ടും ഇതാവര്‍ത്തിക്കട്ടെ. ഇന്നത്തെ സഖാക്കള്‍ ഇതെല്ലാം അറിയുകയും ഓര്‍മ്മിക്കുകയും വേണം. ഇപ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ താമസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവയെല്ലാം ഓര്‍ക്കണം.
ആദര്‍ശ രാഷ്ട്രീയത്തിന്റെ മൂര്‍ത്തരൂപങ്ങളായ കുമരകം ശങ്കുണ്ണിമേനോനും, എന്‍.കെ കമലാസനനും രണ്ടു കാലഘട്ടങ്ങളിലായി എഴുതിയ ആത്മകഥകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അപചയങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത് 81, 82 പേജുകളിലാണുള്ളത്. യാദൃശ്ചികമാണെങ്കിലും ഈ ഓര്‍മ്മപ്പെടുത്തലുകള്‍ വകവയ്ക്കാതെ പോയ പുതിയ തലമുറക്കെറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന ഏരിയ സമ്മേളനങ്ങള്‍. മൂന്ന് ദിവസങ്ങളിലായി നടന്ന ഏരിയ സമ്മേളനങ്ങളില്‍ പ്രതിനിധി സമ്മേളനങ്ങളും ചരിത്ര ചിത്രപ്രദര്‍ശനവും സെമിനാറുകളും, സ്മൃതിസന്ധ്യ, കലാകായിക മത്സരങ്ങള്‍ കലാപരിപാടികള്‍, ചുവപ്പുസേനാമാര്ച്ച്, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിട്ടും അണികളില്ലാതെ പ്രകടനം കാഴ്ചവയ്ക്കാതെ കഴിഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ സംഘമിത്രയുടെ ‘ശ്രീനാരായണഗുരു’ നാടകം കാണാന്‍ ആളെത്താതിരുന്നത് ഏറെ ഗുരുഭക്തരുള്ള കുമരകത്താണ്. ഇതും നേതൃത്വത്തെ ചിന്താക്കുഴപ്പത്തിലാക്കി.
ഇപ്പോഴത്തെ തലമുറയിലെ പാര്‍ട്ടി നേതൃത്വത്തിന്റെ വഴിവിട്ട പ്രവര്ത്തനശൈലിതന്നെയാണ് കുമരകത്ത് നടന്ന ഏരിയ സമ്മേളനം വന്‍ പരാജയമായി മാറാന്‍ കാരണമായി തീര്‍ന്നതെന്നാണ് നിഷ്പക്ഷമതികളും രാഷ്ട്രീയ നിരീക്ഷകകരും വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: