ചെങ്ങന്നൂര്‍: നിയമലംഘനം നടത്തിയതിന് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസെടുത്ത രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റി. ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍റ്റിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വിനോദ് കുമാറിനെ വടകരയിലേക്കും, അനില്‍ കുമാറിനെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയിട്ടുള്ളത്.
വെണ്മണിയിലുളള കോണ്‍ഗ്രസ്സ് പ്രവര്ത്തകന് തന്റെ ഏഴുസീറ്റിന് മുകളിലുള്ള വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുകയുള്ളൂ എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നിയമം ലംഘിച്ച് മറ്റ് സര്‍വ്വീസുകള്‍ക്കായി ഉപയോഗിച്ച വാഹനം വിനോദ് കുമാര്‍ പിടികൂടുകയും ഉടമസ്ഥനെതിരെ കേസ് എടുക്കുകയുമായിരുന്നു.
വാഹനത്തിന്റെ ഉടമയായ നേതാവ് വകുപ്പ്മന്ത്രിയെ സ്വാധീനിക്കുകയും, മന്ത്രിയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ഇത്തരത്തില്‍ ഒരുനടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍പ് അനധികൃതമായി പാര്‍ക്ക് ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വാഹനത്തിന് അനില്‍ കുമാര്‍ പിഴഈടാക്കുകയും സംഭവത്തില്‍ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ എംഎല്‍എ പി.സി. വിഷ്ണുനാഥ് ഇടപെട്ടാണ് ഈവിഷയം ഒതുക്കി തീര്‍ത്തത്. ഇതിന്റെ വൈരാഗ്യമാണ് അനില്‍കുമാറിനെയും സ്ഥലം മാറ്റിയതിന് പിന്നിലെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിസ്വീകരിച്ചതിന് മാസങ്ങള്‍ക്ക് മുന്‍പ് ജോയിന്റ് ആര്‍റ്റിഒ ഷംസുദ്ദീനെയും സ്ഥലം മാറ്റിയിരുന്നു. രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെയും സ്ഥലമാറ്റാണ് നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: