ചെങ്ങന്നൂര്‍: നഗരത്തിലെ വിവിധ കോളേജുകളിലെയും ഐറ്റിഐ കാന്റീനുകളിലെയും സ്വകാര്യ ഹോസ്റ്റലുകളിലെയും കാന്റീനുകളും അടുക്കളയും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ സേഫ് കേരള പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ കാന്റീന് അടുക്കളയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നോട്ടീസ് നല്കി. കോളേജ് ഹോസ്റ്റലില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്ന മലിനജലം തുറസ്സായ സ്ഥലത്ത് കെട്ടിക്കിടക്കുന്നതും കണ്ടെത്തി. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജിന്റെ കാന്റീന് അടുക്കള വൃത്തിഹീനമായാണ് കാണപ്പെട്ടത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിനു സമീപം ചാരവും, മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഇവ അടിയന്തരമായി നീക്കാന്‍ നിര്‍ദ്ദേശം നല്കി. ഗവ.ഐടിഐ കാന്റീന് പരിസരവും മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു.
നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ പാകം ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്നതായി കണ്ടെത്തി. മിക്ക സ്വകാര്യ ഹോസ്റ്റലുകള്‍ക്കും ലൈസന്‍സോ, ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെയാണ് പ്രവൃത്തിക്കുന്നത്. ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: