കുന്നത്തൂര്‍: ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചതോടെ കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങി.
രണ്ടാഴ്ചയിലേറെയായി പമ്പിംഗ് മുടങ്ങിയതോടെ മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിലായി. ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ഭരണിക്കാവിലെ സംഭരണിയിലെത്തിച്ചാണ് കുന്നത്തൂരിന്റെയും മുതുപിലാക്കാടിന്റെയും വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ ശാസ്താംകോട്ടയില്‍ നിന്നും ഭരണിക്കാവിലേക്കുള്ള മെയിന്‍ലൈന്‍ പൊട്ടിയതോടെ ഭരണിക്കാവിലേക്കുള്ള പമ്പിംങ് വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ തൊഴിലാളികള്‍ കുറേനാളായി പണിമുടക്കിലാണ്. അതുമൂലം പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുകയാണ്. ശുദ്ധജലത്തിനായി വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിച്ചുകഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തിലാണ്. വേനല്‍ കടുത്തതോടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു തുടങ്ങി. അതിനാല്‍ ഈ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനുള്ള ഏകആശ്രയം വാട്ടര്‍ അതോറിറ്റിയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പൈപ്പ് ലൈന്‍ ശരിയാക്കാത്ത വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുയരുന്നു. ബിജെപി മണ്ഡലം കമ്മിറ്റി വാട്ടര്‍ അതോറിറ്റിയുടെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു. എത്രയുംവേഗം പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: