ഇടുക്കി : ആരാധനാലയങ്ങളുടെ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ വ്യക്തമാക്കി.
ഉത്സവകാലങ്ങളില്‍ ആനയെഴുന്നള്ളിപ്പിന് സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായി ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വില്ലേജാഫീസുകള്‍ വഴി വിവിധ ആരാധനാലയങ്ങളില്‍ ആനയെഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളുടെ തീയതികള്‍ മുന്‍കൂട്ടി ശേഖരിക്കും. തുടര്‍ന്ന് പോലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി നിരീക്ഷിക്കും.
എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ആരോഗ്യസ്ഥിതി, മദപ്പാട്, മറ്റുസുഖങ്ങള് തുടങ്ങിയവ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താനും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാമൂഖ്യം നല്കുന്നതിനുവേണ്ടി ജില്ലയിലെ ഇലഫന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ അസി. കളക്ടര്‍ ജാഫര്‍ മാലിക്, എ.ഡി.എം. വി.ആര്. മോഹനന്‍പിള്ള, ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഇന്ദിര, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പി.ജി. വത്സല, ഫയര്‍ ഫോഴ്സ് അസി. ഡിവിഷണല്‍ ഓഫീസര്‍ ഷിനോയികെ.ആര്, ഡി.വൈ.എസ്.പി അഡ്മിനിസ്ട്രേഷന് ജോണ്സണ് ജോസഫ്, തൊടുപുഴ തഹസില്‍ദാര്‍ റ്റി.ജെ. സുരേന്ദ്രന്, എസ്.പി.സി.എ ബോര്‍ഡ് മെമ്പര്‍ ജയചന്ദ്രന്, ആനത്തൊഴിലാളി യൂണിയന് സെക്രട്ടറി സജി വാരികാട്ട്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: