തിരുവനന്തപുരം: പാലക്കാടന്‍ കാറ്റിനെ വകഞ്ഞുമാറ്റി എറണാകുളത്തിന് വീണ്ടും കിരീടം. അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 289 പോയിന്റ്നേടിയാണ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും എറണാകുളം ജില്ലാ ടീം ഓവറോള്‍ കിരീടം സ്വന്തമാക്കിയത്.
2012-ല്‍ അനന്തപുരിയില്‍ വച്ചാണ് ആഞ്ഞടിച്ച പാലക്കാടന്‍ കാറ്റിന് മുന്നില്‍ എറണാകുളത്തിന് ഒന്നര പതിറ്റാണ്ടിലേറെ കുത്തകയാക്കിവച്ചിരുന്ന കിരീടം നഷ്ടമായത്. പിന്നീട് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ അവര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ എറണാകുളം 33 പോയിന്റിന്റെ ലീഡ് നേടിയാണ് പാലക്കാടിനെ പിന്തള്ളി കിരീടം തിരിച്ചുപിടിച്ചതെങ്കില്‍ ഇത്തവണ അത് 99 പോയിന്റുകളുടെ വ്യത്യാസത്തിലായിരുന്നു. 33 സ്വര്‍ണ്ണവും 28 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളം ജില്ല വാരിക്കൂട്ടിയത്. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നേടിയതിനേക്കാള്‍ അഞ്ച് സ്വര്‍ണ്ണവും 38 പോയിന്റും നേടിയാണ് ഇത്തവണ എറണാകുളം ജില്ല കുതിച്ചത്.
രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട് ജില്ലക്ക് 15 സ്വര്‍ണ്ണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 190 പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം 27 സ്വര്‍ണ്ണം നേടിയ പാലക്കാടിന് ഇത്തവണ 12 സ്വര്‍ണ്ണത്തിന്റെ കുറവ്. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്. 16 സ്വര്‍ണ്ണവും 17 വെള്ളിയും 15 വെങ്കലവുമടക്കം 156 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഏഴുവീതം സ്വര്‍ണ്ണവും വെള്ളിയും മൂന്ന് വെങ്കലവുമടക്കം 68 പോയിന്റ് നേടിയ ആതിഥേയരായ തിരുവനന്തപുരം നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞവര്‍ഷം 11 സ്വര്‍ണ്ണം നേടിയ കോഴിക്കോട് ഇത്തവണ അഞ്ചെണ്ണം കൂടുതല്‍ കരസ്ഥമാക്കി.
കഴിഞ്ഞവര്‍ഷത്തെപ്പോലെ കോതമംഗലം സ്കൂളുകളായ മാര്‍ബേസിലിന്റെയും സെന്റ് ജോര്‍ജിന്റെയും മാതിരിപ്പിള്ളി സ്കൂളിന്റെയൂം കരുത്തിലാണ് ഇത്തവണയും എറണാകുളം കിരീടം നിലനിര്‍ത്തിയത്.
സ്കൂളുകളില്‍ എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ്ജോര്‍ജ് എച്ച്എസ്എസും മാര്‍ബേസില്‍ എച്ച്എസ്എസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ആദ്യ മൂന്ന് ദിവസവും മൂന്നാം സ്ഥാനത്തായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് അവസാന ദിവസത്തെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഫോട്ടോ ഫിനിഷിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററാണ് സെന്റ് ജോര്‍ജിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
10 സ്വര്‍ണ്ണവും 7 വെള്ളിയും 12 സ്വര്‍ണ്ണവുമടക്കം 83 പോയിന്റ് സെന്റ് ജോര്‍ജ് നേടിയപ്പോള്‍ ആദ്യ മൂന്ന് ദിവസവും ഒന്നാം സ്ഥാനത്തുനിന്നിരുന്ന കോതമംഗലത്തെതന്നെ മാര്‍ബേസില്‍ എച്ച്എസ്എസ് 12 സ്വര്‍ണ്ണവും 6 വെള്ളിയും നാല് വെങ്കലവുമടക്കം 82 പോയിന്റുകള്‍ സ്വന്തമാക്കിയാണ് രണ്ടാമതെത്തിയത്. 10 സ്വര്‍ണ്ണവും 6 വെള്ളിയും 7 വെങ്കലവുമടക്കം 75 പോയിന്റ് നേടിയ പാലക്കാട് ജില്ലയിലെ പറളി എച്ച്എസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കല്ലടി ഇത്തവണ നാല് സ്വര്‍ണ്ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 59 പോയിന്റുമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കായിക വകുപ്പുമന്ത്രി വി. എസ്. ശിവകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: