തിരുവനന്തപുരം:വിജിലന്‍സ് കേസില്‍ നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യംനേടിയ ഹാരിസണ്‍ കമ്പനിയുടെ വക്താക്കള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ഹാരിസണ്‍ കമ്പനി ഡിസംബര്‍ രണ്ടിന് നല്കിയ വസ്തുതാ വിരുദ്ധമായ പത്രപ്പരസ്യങ്ങള്‍ കോടതിയലക്ഷ്യമാണെന്നും വിജിലന്‍സ് കേസില്‍ പ്രതികളായ ഹാരിസണ്‍ കമ്പനി മേധാവികളുടെ ജാമ്യം റദ്ദാക്കണമെന്നുംകാട്ടി റവന്യൂവകുപ്പ് സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീലഭട്ട് ഉടന്‍ കോടതിയെ സമീപിക്കും.
വ്യാജ ആധാരമുണ്ടാക്കി 6,700 ഏക്കര്‍ സര്‍ക്കാര്‍ഭൂമി മറിച്ചുവിറ്റതുവഴി സര്‍ക്കാരിന് ഹാരിസണ്‍ 106.76 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി വിജിലന്‍സ് ഡിവൈഎസ്പി നന്ദനന്‍പിള്ള 2013 ഒക്ടോബര്‍ 25ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2013 നവംബര്‍ ഒന്നിന് എട്ടുപേരെ പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുകയായിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്രസിഡന്റ് വിനയരാഘവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ധര്‍മ്മരാജ്, മാനേജരും വൈസ് പ്രസിഡന്റുമായ പി. വേണുഗോപാല്‍, ഹാരിസണ്‍ കമ്പനി സെക്രട്ടറി രവി ആനന്ദ്, മുന്‍ സബ്രജിസ്ട്രാര്മാരായ ടി. ജെ. മറിയം(കാഞ്ഞിരപ്പള്ളി), പി. എസ്. ശ്രീകുമാര്‍(പീരുമേട്) , ജി. വിജയകുമാര്‍ (പുനലൂര്‍), എന്‍.എം. ഗോപിനാഥന് നായര്‍ (എരുമേലി) എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്.
1600/1923 -ാം നമ്പര്‍ കരാര്‍ ഉടമ്പടിയില്‍പ്പെട്ട കാഞ്ഞിരപ്പള്ളി, പീരുമേട്, പുനലൂര്‍, എരുമേലി വില്ലേജുകളിലെ ഭൂമിയാണ് സബ്രജിസ്ട്രാറുമാരുടെ സഹായത്തോടെ ഹാരിസണ്‍ മറിച്ചുവിറ്റത്. ഈ കേസ് റദ്ദാക്കണമെന്ന് കാട്ടി ഹാരിസണ്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് കോടതി തള്ളുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നും ഒരുതരത്തിലും കേസിനെ സ്വാധീനിക്കുന്ന പ്രവൃത്തികള്‍ ഉണ്ടാവാന്‍ പാടില്ലെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചുകഴിഞ്ഞ ശേഷം ഹാരിസണ്‍ വൈസ്പ്രസിഡന്റ് കേന്ദ്ര സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമെല്ലാം സ്പെഷ്യല്‍ ഓഫീസറായ എം.ജി. രാജമാണിക്യത്തിനെതിരെ പരാതികള്‍ അയച്ചിരുന്നു.
ഇത് കോടതിയലക്ഷ്യമാണെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ട് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെയാണ് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഹാരിസണ്‍ വൈസ്പ്രസിഡന്റ് വേണുഗോപാലിന്റെ പേരില്‍ പത്രപ്പരസ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: