തിരുവനന്തപുരം: അട്ടപ്പാടിയിലുള്‍പ്പെടെ പാലക്കാട്ടെ 1000 ആദിവാസികുടുംബങ്ങള്‍ക്കും വയനാട്ടിലെ 500 ആദിവാസികുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനൂകൂല്യങ്ങള്‍ അവരിലേക്ക് എത്തുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഈ സാഹചര്യത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവരുടെ കോളനികളില്‍ നേരിട്ട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം അവസാനിപ്പിക്കാന്കൂടിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇക്കാര്യം അവരുമായി ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് നിയമാനുസൃതമുള്ള സമയമെടുക്കും.
സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പട്ടികജാതിവികസനവകുപ്പിലെയും പട്ടികവര്ഗവികസനവകുപ്പിലെയും മന്ത്രിമാരെ ചുതലപ്പെടുത്തിയിട്ടുണ്ട്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകസമീപനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: