തൃപ്പൂണിത്തുറ: വധശ്രമക്കേസ് ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ മോര്‍ച്ചറി ഷമീര്‍ എന്നറിയപ്പെടുന്ന ഷമീര്‍ (36) ഗുണ്ടകളുടെ വെട്ടേറ്റ് മരിച്ചു.
എരൂര്‍ അര്‍ക്കക്കടവ് പാലത്തിന് താഴെയുള്ള വീട്ടില്‍വെച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഷമീറിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷമീര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാവിലെ 7 ന് മരണമടഞ്ഞു.
വെട്ടേറ്റ് കൈകാലുകള്‍ അറ്റുവീഴാറായ നിലയിലായിരുന്നു. പുലര്‍ച്ചെ 5 ന് തോര്‍ത്തുമുണ്ടുകൊണ്ട് മുഖംമറച്ച ഒരാള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു. പിന്നാലെ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ കൂടി കടന്നുവന്ന് ഉറക്കം ഉണര്‍ന്നുവന്ന ഷമീറിനെ വെട്ടി. ഇതിനിടയില്‍ തോര്‍ത്തുമുണ്ട് മാറി മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഷമീര്‍ അളിയാ വെട്ടല്ലേ കുട്ടി കിടക്കുന്നു എന്നുപറഞ്ഞ് കേണപേക്ഷിച്ചു.
ശബ്ദംകേട്ട് ഭാര്യയും ഉമ്മയും അടുത്ത മുറിയില്‍നിന്നും ഉണര്‍ന്ന് എണീറ്റ് വന്ന് ആക്രമണം തടയാന്‍ ശ്രമിച്ചു. ഇവരെ പിടിച്ചുമാറ്റി ഹെല്‍മറ്റ് വച്ചവര്‍ ഷമീറിനെ തുരുതുരാ വെട്ടി. മൂന്നുപേരും ചേര്‍ന്ന് ആക്രമിച്ച് മൃതപ്രായമായ ഷമീറിനെ ഉപേക്ഷിച്ച് അക്രമികള്‍ ഓടി. എട്ടോളംപേര്‍ ഹെല്മറ്റ്വച്ച് അകലെ മാറിനിന്നിരുന്നതായി ഭാര്യയുടെ മൊഴിയില്‍ പറയുന്നു.
വീട്ടുകാരുടെ കരച്ചില് കേട്ട് അയല്‍ക്കാരില്‍ ചിലര്‍ വരികയും ഒരാള്‍ ഓട്ടോറിക്ഷയുമായി എത്തുകയും ചെയ്തു. എന്നാല്‍ ഓട്ടോയില്‍ കയറ്റാന്‍ പറ്റാത്ത നിലയിലായിരുന്നതിനാല്‍ മറ്റൊരു വാഹനം വരുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ തൃപ്പൂണിത്തുറ പോലീസും സ്ഥലത്തെത്തി. ഗുണ്ടാനിയമപ്രകാരം ജയില്‍വാസം കഴിഞ്ഞ് 6 മാസം മുമ്പാണ് ഷമീര്‍ പുറത്തിറങ്ങിയത്. ആലപ്പുഴ സ്വദേശികളായ ഈ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എരൂരില്‍ താമസമാക്കിയത്. എരൂര്‍ മഠത്തിപ്പറമ്പ് റോഡ് കടവില്‍ വീട്ടില്‍ ഇസ്മയിലിന്റെ മകനാണ് ഷമീര്‍. ഭാര്യ: ഷൈബ. ഒരു കുട്ടിയുമുണ്ട്.
തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എസ്ഐ പി.ആര്. സന്തോഷ് പറഞ്ഞു.
ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലാണ് അക്രമികള്‍ എത്തിയത്. കണ്ടാലറിയാമെന്ന് ഭാര്യ മൊഴികൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടലാസില്‍ പൊതിഞ്ഞാണ് വടിവാള്‍ കരുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: