ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയുടെ പൈതൃകവും ഐതിഹ്യപെരുമയും തകര്‍ക്കാനുള്ള ഗൂഢശ്രമം പൊളിഞ്ഞു. വിവിധ ഹൈന്ദവ സംഘടനകളുടെയും മൂലം ജലോത്സവ പൈതൃക കര്‍മ്മ സമിതിയുടെയും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സ്ഥിരം പവലിയന് നിര്‍മ്മാണം നീക്കത്തില്‍ നിന്ന് എംപിയും സര്‍ക്കാരും പിന്‍വാങ്ങി.
ഒരുകോടിയോളം രൂപയാണ് പവലിയന് നിര്‍മ്മാണത്തിനായി എംപി ഫണ്ടില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അനുവദിച്ചത്. പ്രഖ്യാപനത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും അത് അവഗണിച്ച് കൊട്ടും കുരവയുമായി എംപി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ പ്രദേശവാസികള്‍ മൂലം ജലോത്സവ പൈതൃക കര്‍മ്മ സമിതി രൂപീകരിച്ച് രംഗത്തെത്തുകയും വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ പവലിയന് ശിലയില്‍ ഒതുങ്ങുകയായിരുന്നു.
ചമ്പക്കുളം മഠം ക്ഷേത്രവും ജലോത്സവവുമായുള്ള ആചാരപരമായ ബന്ധം അട്ടിമറിച്ച് പൈതൃകവും ഐതിഹ്യപരമായ പ്രാധാന്യവും അട്ടിമറിക്കുകയുമായിരുന്നു പവലിയന് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയവരുടെ ഗൂഢലക്ഷ്യം. ആറിന് വളവുണ്ടെന്നും പാലം നിര്‍മ്മാണവും എന്നൊക്കെ പറഞ്ഞ് വള്ളംകളി നടത്തുന്നത് സമീപത്തെ പള്ളിയുടെ അടുത്തേക്ക് മാറ്റാനും ശ്രമം നടന്നിരുന്നു.
നെഹ്റുട്രോഫി ജലോത്സവം പോലെ മൂലം വള്ളംകളിയെ കച്ചവടവത്കരിക്കുകയും ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കുകയുമായിരുന്നു ചിലരുടെ ലക്ഷ്യം. നാലു നൂറ്റാണ്ടു മുമ്പ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മൂലം ജലോത്സവം ആരംഭിച്ചത്. എന്നാല്‍ ജലോത്സവത്തിന്റെ പൈതൃകം തകര്‍ക്കാനുള്ള ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും എംപിയുടെയും ധാര്‍ഷ്ട്യത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രദേശവാസികള്‍ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതിന്റെ വിജയമാണ് സ്ഥിരം പവലിയന് വേണ്ടെന്ന ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനം.
വിഎച്ച്പി വിഭാഗ് ജോയിന്റ് സെക്രട്ടറി കെ. ജയകുമാര്‍, സുരേഷ് പര്യാത്ത്, മൂലം ജലോത്സവ പൈതൃക കര്‍മ്മസമിതി ചെയര്മാന് വി.എന്‍. ദിലീപ്, കണ്‍വീനര്‍ ആര്. രതീഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പവലിയന് അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് മറ്റു പ്രൊപ്പോസലുകള്‍ ഉടന്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തെ അറിയിച്ചു. പ്രക്ഷോഭത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ചമ്പക്കുളം കര്‍മ്മ സമിതി പ്രവര്‍ത്തകരും ഹിന്ദുസംഘടനാ പ്രവര്‍ത്തകരും പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: