അമ്പലപ്പുഴ: റെയില്‍വേ ഗേറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു നടത്തിയ ജനകീയ സമരം ശക്തമായതോടെ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കരുമാടി പുതുപ്പുരയ്ക്കല്പ്പടി ബോട്ടുജെട്ടി റോഡിലെ റെയില്‍വേഗേറ്റ് നിലനിര്‍ത്തണമെന്നാണ് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കിയത്. ഇവിടെയുണ്ടായിരുന്ന ഗേറ്റ് അടച്ച് പകരം 3.60 മീറ്റര്‍ നീളത്തിലും 2.75 മീറ്റര്‍ വീതിയിലും അണ്ടര്‍പാസേജ് നല്‍കാമെന്ന് റെയില്‍വേ മാസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തിനെ വിവരം അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച് പഞ്ചായത്ത് കഴിഞ്ഞ 30ന് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വ്യവസായ സ്ഥാപനങ്ങളും പാചകവാതക ഗോഡൗണും നൂറോളം എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും താമസിക്കുന്ന ഇവിടെ അണ്ടര്‍ പാസേജ് പ്രയോഗികമല്ലെന്ന് കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് പഞ്ചായത്തിന്റെ നിലപാടില്‍ മാറ്റം വരുത്തി പ്രമേയം പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: