മാവേലിക്കര: ജില്ലയുടെ തെക്കന്‍ മേഖല കേന്ദ്രീകരിച്ച് വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദ, മാവോയിസ്റ്റ് ഭീഷണികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പോലീസ്. ഒന്നര മാസം മുന്‍പ് വള്ളികുന്നം, കുറത്തികാട്, തഴക്കര പ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയെങ്കിലും തുടര്‍ അന്വേഷണത്തില്‍ പോലീസ് അനാസ്ഥയാണ് കാട്ടിയത്. ജില്ലാ പോലീസ് മേധാവി സ്ഥലം സന്ദര്‍ശിച്ചെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല. കുറത്തികാട് ഒരു കോളനി കേന്ദ്രീകരിച്ച് ഒരുമണിക്കൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ബോധവത്ക്കരണം മാത്രമാണ് നടന്നത്. കഴിഞ്ഞ ദിവസം കുറത്തികാട് പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ഇവിടെയും കാര്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടില്ല.
രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന് കുറത്തികാട്, വള്ളികുന്നം, നൂറനാട്, മാവേലിക്കര സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്ക്കുംം, പോസ്റ്ററുകള്‍ പതിക്കാതെ നോക്കണമെന്നും, സംശയമുള്ളവരെ നിരീക്ഷിക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്ത്. പ്രദേശത്ത് മാവോയിസ്റ്റ്, മത തീവ്രവാദ ബന്ധമുള്ളവരെ കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്കാന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ജില്ലയുടെ തെക്കന്‍ മേഖല കേന്ദ്രീകരിച്ച് നിരോധിച്ചതും അല്ലാതതുമായ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശക്തമായ സ്വാധീനം ഉറപ്പിച്ചതായും ചില രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ കടുത്ത നടപടികളിലേക്ക് പോകേണ്ടന്നാണ് സ്റ്റേഷന് ചാര്‍ജുള്ള ഉദ്യോഗസ്ഥരുടെ നിലപാട്.
2012 ഡിസംബറില്‍ 28ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ മാവേലിക്കരയിലെ ഒരു ലോഡ്ജില്‍ രഹസ്യ യോഗത്തിനിടെ പോലീസ് പിടികൂടിയിരുന്നു. അന്ന് ഇവരെ കസ്റ്റഡിയിലെടുത്ത സ്റ്റേഷന് ചാര്‍ജുണ്ടായിരുന്ന അഡീഷണല്‍ എസ്ഐ ചെന്നിത്തല ചെറുകോല്‍ ഷേര്‍ലി ഭവനില്‍ കെ.വൈ. ഡാമിയനെ (52) ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മാനസികപീഡനം മൂലമാണ് എസ്ഐ ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ സ്റ്റേഷന് ചാര്‍ജുള്ള ഉദ്യോഗസ്ഥരെ കര്‍ശന നടപടികള്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: