തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കോഴവാങ്ങിയെന്ന ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു.
മാണിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തത്. പൂജപുര വിജിലന്‍സ് സെല്ലാണ് കേസെടുത്തത്. 50 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്.
നേരത്തെ മാണിയുടെ വീട്ടില്‍ കോഴ തുക എത്തിച്ചതായി ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
29 പേരില്‍ നിന്നാണ് കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സുരേഷ് കുമാര്‍ മൊഴിയെടുത്തത്. മാണിക്കെതിരെ ആരോപണമുന്നയിച്ച ബാര്ഹോട്ടല്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളി, അക്കൗണ്ടന്റ് അജേഷ്, അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമൊഴികെയുള്ള ഭാരവാഹികള്‍ എന്നിവരുടെ വിശദമായ മൊഴിയാണ് രേഖപ്പെടുത്തിയത്. മാണിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
നാളെ കേസ് പരിഗണിക്കുമ്പോള്‍ എഫ്.ഐ,ആര് രജിസ്റ്റര്‍ ചെയ്ത കാര്യം വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
മാണിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി, ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസെടുക്കാമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ അഗസ്റ്റിനും നിയമോപദേശം നല്കി. കേസിന് സാധുതയില്ലെന്നാണ് വിജിലന്‍സ് പ്രോസിക്യൂഷന് മേധാവി ശശീന്ദ്രന് നല്കിയ നിയമോപദേശം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: