തൃശൂര്‍: പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് അധികൃതര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തി. കുപ്പിക്കഴുത്തു പൊട്ടിക്കാന്‍ റോഡ് വികസനത്തിനായി പോസ്റ്റോഫീസ് വക 16 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തിരുമാനമായി.
മേയര്‍ രാജന് പല്ലനും പോസ്റ്റല്‍ വിഭാഗം ഉന്നതഉദ്യോഗസ്ഥ സംഘവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. പോസ്റ്റോഫീസ് നിര്‍മ്മാണത്തിനായി പട്ടാളം റോഡില്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ എതിര്‍ഭാഗത്ത് കോര്പ്പറേഷന് 16 സെന്റ് സ്ഥലം പകരം പോസ്റ്റല്‍ വകുപ്പിന് നല്‍കും. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നതിന് കോര്പ്പറേഷന് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വാടകയില്ലാതെ സ്ഥലം അനുവദിക്കാനും തീരുമാനമായി.
ഇനി മാരിയമ്മന്‍കോവില്‍ വക സ്ഥലം കൂടി റോഡ് വികസനത്തിനായി ലഭിക്കേണ്ടതുണ്ട്. നഗരം നേരിടുന്ന ഗതാഗത പ്രതിസന്ധിക്കും വലിയ അളവില്‍ പരിഹാരമാകും. കേരളസര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ രാമാനന്ദന്‍, ഡയറക്ടര്‍ രാമമൂര്‍ത്തി, ബംഗ്ളൂരില്നിന്നുള്ള സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ രാജീവ് ജെയിന്, തൃശൂര്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഷാജന് ഡേവീസ്, അസി.ഡയറക്ടര്‍ പി.ദാമോദരന്‍ എന്നിവരാണ് പോസ്റ്റല്‍ സംഘത്തിലുണ്ടായിരുന്നത്.
മേയറും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മടങ്ങുന്ന കോര്പ്പറേഷന് സംഘവുമൊത്തു സ്ഥലം സന്ദര്‍ശിച്ചശേഷം മേയറുടെ ചേംബറിലെത്തി വിശദ ചര്‍ച്ച നടത്തി. കഴിയുന്നത്ര വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ പി.വി.സരോജിനി, മുന്മേയര് ഐ.പി.പോള്‍, പ്രതിപക്ഷനേതാവ് പി.എ.പുരുഷോത്തമന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ഗിരീഷ്കുമാര്‍, ജയ മുത്തിപീടിക, സെക്രട്ടറി കെ.എം.ബഷീര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: