കൊച്ചി: കൊച്ചിയിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിന് കരാറുകാരെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരും. മന്ത്രിമാരായ പി. ജെ. ജോസഫ്, ആര്യാടന് മുഹമ്മദ്, എന്നിവരും കൊച്ചി മെട്രോ, റവന്യൂ വകുപ്പ്, ഫിനാന്‍സ് വകുപ്പ് എന്നിവരും കൊച്ചി നഗരത്തിലെ എഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും.
ജല അതോറിറ്റി കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക എത്രയും വേഗം നല്‍കണമെന്നും, കുടിവെള്ളത്തിന് അതോറിറ്റിയുടെ പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് എംഎല്‍എമാരായ ഹൈബി ഈഡന്, വി.ഡി സതീശന്, ബെന്നിബഹനാന്, ഡൊമിനിക് പ്രസന്റേഷന്, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ഒമ്പതിന് സംയുക്ത നിവേദനം നല്‍കിയിരുന്നു,
കൊച്ചി മെട്രോ റെയിലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ കാരണം പലേടത്തും വലുതും ചെറുതുമായ കുടിവെള്ള പൈപ്പുകള്‍ നിരന്തരമായി പൊട്ടുന്നതു കാരണം വലിയ തോതില്‍ കുടിവെള്ളം പാഴാകുന്നുണ്ട്. ഇത് പുന:സ്ഥാപിക്കുന്നതിനായി കെഎംആര്‍എല്‍ അധികൃതര്‍ പണം നല്കിയാലും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് കോണ്‍ട്രാക്ടര്‍മാരെ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലയില്‍ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ വിവിധ വര്‍ക്കുകള്‍ ചെയ്തു വന്ന കോണ്‍ട്രാക്ടര്‍മാര്‍ ബില്‍ മാറി കിട്ടാത്തതിനാല്‍ പുതിയ ഒരു വര്‍ക്കും ഏറ്റെടുക്കാതെ വാട്ടര്‍ അതോറിറ്റിയുടെ വര്‍ക്കുകള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. 2013ലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്; വാട്ടര്‍ സപ്ളൈ ഡിവിഷനില്‍ നിന്നും 2.5 കോടിയും, പിഎച്ച് ഡിവിഷനില്‍ നിന്നും 2 കോടിയും, ആലുവ ഡിവിഷനില്‍ നിന്ന് 4 കോടിയും കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: