കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ പരിഗണനയ്ക്കെത്തിയത് സ്കൂളിലെ മാനസിക പീഡനം മുതല്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വരെ നീളുന്ന പരാതികള്‍. കമ്മീഷന് ചെയര്മാന് അഡ്വ. നസീര്‍ ചാലിയവും അംഗം സി.യു മീനയുമടങ്ങിയ ബെഞ്ചിന് മുന്നിലെത്തിയ 38 പരാതികളില്‍ 23 എണ്ണത്തില്‍ തീര്‍പ്പു കല്പ്പിച്ചു. വിശദമായ അന്വേഷണത്തിന് പോലീസിനും പ്രൊബേഷന്‍ ഓഫീസര്‍ക്കും കൈമാറി.
കൊച്ചി നഗരത്തിലെ പ്രമുഖ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പരാതി കേള്‍ക്കാനാണ് കമ്മീഷന് ഏറെ സമയമെടുത്തത്. പിടിഎ പ്രസിഡന്റിനോടുള്ള ദ്വേഷ്യം തീര്‍ക്കാന്‍ മകളായ തന്നെ ദ്രോഹിക്കുന്നെന്നായിരുന്നു പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥിനിയുടെ പരാതി. മത്സരങ്ങളിലെ വിജയം അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ മടിക്കുന്നു. പരിശീലന ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല, മോശം ഭാഷയില്‍ സംസാരിക്കുന്നു തുടങ്ങിയ പരാതികളും വിദ്യാര്‍ഥിനി ഉന്നയിച്ചു. അങ്ങനെയല്ലെന്നും പിടിഎ പ്രസിഡന്റാണ് പ്രശ്നക്കാരനെന്നുമായിരുന്നു മറുഭാഗത്തിരുന്ന വിദ്യാര്‍ഥിനികളുടെ വാദം. രണ്ടു കൂട്ടരെയും ആശ്വസിപ്പിക്കാന്‍ കമ്മീഷന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാനസിക പീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയാണ് പ്രശ്നം താല്‍ക്കാലികമായി തീര്‍പ്പാക്കിയത്.
മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നം സംബന്ധിച്ച് അനാവശ്യ ചോദ്യങ്ങളുന്നയിച്ച് മാനസികപീഡനം നടത്തുന്നെന്നായിരുന്നു മൂവാറ്റുപുഴയിലെ സ്വകാര്യ സ്കൂളില്‍ നിന്നെത്തിയ കുരുന്നുകളുടെ പരാതി. കുട്ടികളെ അടുത്തു വിളിച്ച് വിവരങ്ങള്‍ തിരക്കിയ കമ്മീഷന് പരാതി പ്രൊബേഷന്‍ ഓഫീസര്‍ക്ക് കൈമാറി. മൂവാറ്റുപുഴയില്‍ തന്നെ അനാഥാലയത്തില്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയും ചൈല്‍ഡ് ലൈന്‍ മുഖേന കമ്മീഷന് മുന്നിലെത്തി.
എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലുള്ള ഉഷസ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതിയും കമ്മീഷന് പരിഗണിച്ചു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട കമ്മീഷന് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാമൂഹ്യനീതി വകുപ്പിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: