തിരുവനന്തപുരം: 58-ാം സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ല ഓവറോള്‍ കിരീടമുറപ്പിച്ചു. മൂന്നാം ദിവസമായ ഇന്നലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 224 പോയിന്റുണ്ട് ജില്ലയ്ക്ക്; 27 സ്വര്‍ണ്ണം, 20 വെള്ളി, 14 വെങ്കലം. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 12 സ്വര്‍ണ്ണവും 20 വെള്ളിയും 17 വെങ്കലവുമടക്കം 153 പോയിന്റേ ഉള്ളു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എറണാകുളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന പാലക്കാടിന് ഇത്തവണ ഒന്നിനുമാകുന്നില്ല. കോഴിക്കോട് ജില്ലയാണ് മൂന്നാമത്; 12 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 122 പോയിന്റും. രണ്ടാം സ്ഥാനത്തിനായി പാലക്കാടും കോഴിക്കോടും തമ്മിലാണ് പോരാട്ടം.
ഏറ്റവും മികച്ച സ്കൂളിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 10 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 68 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ടു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഏഴു വെങ്കലാവുമടക്കം 62 പോയിന്റ് നേടിയ രണ്ടാം സ്ഥാനത്തുള്ള പാലക്കാട് ജില്ലയിലെ പറളി സ്കൂളും എട്ട് സ്വര്‍ണ്ണവും നാല് വെള്ളിയും എട്ട് വെങ്കലവുമടക്കം 60 പോയിന്റുള്ള കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ഇന്നലെ മഴമൂലം അത്ലറ്റിക് മീറ്റ് ഇടയ്ക്ക് നിര്‍ത്തി. ഉച്ചയ്ക്ക് ശേഷം മഴമാറിയതോടെ പുനരാരംഭിച്ചു. വൈകിയാണെങ്കിലും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുമായി. രണ്ടാംദിവസം മീറ്റ് റെക്കോര്‍ഡുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ അഞ്ച് റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിക്കച്ചത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ കെ.ആര്. ആതിര, സബ്ജൂനിയര് പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ അപര്‍ണ റോയി, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പറളി സ്കൂളിന്റെ മുഹമ്മദ് അഫ്സല്, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിലെ ഡൈബി സെബാസ്റ്റിയന്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ ശ്രീഹരി വിഷ്ണു എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മീറ്റ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: