പാനൂര്‍: വൈദേശിക ദര്‍ശനം അടിത്തറയാക്കിയ കമ്മ്യൂണിസ്റ്റുകള്‍ കൊലപാതകം നടത്തി സംഘപ്രവര്‍ത്തനത്തെ നശിപ്പിക്കാമെന്ന് വ്യാമോഹിക്കുകയാണെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. കതിരൂര്‍ ഡയമണ്ട് മുക്കില്‍ സ്വര്‍ഗ്ഗീയ കെ. മനോജിന്റെ സ്മരണക്കായി നിര്‍മ്മിച്ച മാധവം സേവാകേന്ദ്രത്തിന്റെ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കെ. മനോജിനെ സിപിഎംകാര്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. രാഷ്ട്ര ക്ഷേമപ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പ്രവൃത്തിപഥത്തില്‍ ബലിദാനിയായ മനോജിന്റെ സ്മരണയ്ക്കു നിര്‍മ്മിച്ച സേവാ കേന്ദ്രത്തിന്റെ സമര്‍പ്പണത്തിന് അമ്മമാരും കുട്ടികളുമടക്കം വന്‍ ജനാവലിതന്നെയെത്തിയിരുന്നു.
കക്ഷിരാഷ്ട്രീയം മറന്നാണ് ബന്ധുക്കളും നാട്ടുകാരും അണിനിരന്നത്. കതിരൂര്‍, പൊന്ന്യം ഭാഗങ്ങളിലെ സിപിഎം അനുഭാവികളും പരിപാടിയില്‍ സന്നിഹിതരായത് സിപിഎം അക്രമരാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടിയായിരുന്നു. മന്ദിര സമര്‍പ്പണത്തിനു ശേഷം നടന്ന പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
അസഹിഷ്ണുതയും വെറുപ്പും വൈദേശിക ദര്‍ശനത്തിന്റേതാണ്. ഇത് അന്ധവിശ്വാസവും അനാചാരവും സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികളെ സമന്വയിപ്പിക്കുന്ന ഹൈന്ദവ ദര്‍ശനം മറ്റ് മതങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണെന്നും ഡോ. കൃഷ്ണഗോപാല്‍ തുടര്‍ന്നു നടന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ജിഹാദിന്റെ പേരില്‍ അക്രമം നടത്തി കടന്നുവരുന്നവരുടെ അതേപാത തന്നെയാണ് സെമിറ്റിക് മതങ്ങളും സ്വീകരിച്ചത്. അതില്‍ നിന്നും വ്യത്യസ്തമല്ലാത്ത ചിന്തയാണ് കമ്മ്യൂണിസമെന്ന പ്രത്യയ ശാസ്ത്രത്തെയും നയിക്കുന്നത്. യുവാക്കളെ പലതുംപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈ തെറ്റായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്. നമ്മുടെ നാടിന്റെ സംസ്കാരവുമായി യോജിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയം പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമൊക്കെ തകര്‍ന്നു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ പ്രസംഗം പരിഭാഷപ്പെടുത്തി. താലൂക്ക് കാര്യവാഹ് ശ്യാംമോഹന് സ്വാഗതം പറഞ്ഞു.
മധ്യപ്രദേശ് മഹാകോശ് പ്രാന്തപ്രചാരക് രാജ്കുമാര് മഡാലിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാധവം സേവാകേന്ദ്രത്തിന്റെ സമര്‍പ്പണം ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിച്ചു. വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, വിഭാഗ് സഹസംഘചാലക് സി.കെ. ശ്രീനിവാസന്, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, പ്രാന്തസഹപ്രചാരക് എസ്.സുദര്ശനന്, സംഘപരിവാര്‍ നേതാക്കളായ പി.കെ. കൃഷ്ണദാസ്, ഒ.കെ. മോഹനന്, എ. വിനോദ്, എം.ഗണേശന്, പി.പി. സുരേഷ് ബാബു, വി. ശശിധരന്, ഒ. രാഗേഷ്, കെ.ബി. പ്രജില്‍, കെ. പ്രമോദ്, വി.പി. ഷാജി, വി. ഗോപാലകൃഷ്ണന്, വി. ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മനോജ് കുടുംബസഹായനിധി വീട്ടിലെത്തി സര്‍കാര്യവാഹ് ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: