കോട്ടയം: ടാര്‍ ക്ഷാമം ശബരിമല റോഡുകളുടെ പണിമുടങ്ങി. സര്‍ക്കാരില്‍ നിന്നും ടാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജില്ലയിലെ ശബരിമല റോഡുകളുടേതടക്കമുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. 40കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലയില്‍ ശബരിമല റോഡുകളുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഇതില്‍ 15 കോടി രൂപയുടെ പണികള്‍കൂടി പൂര്‍ത്തിയാക്കാനുണ്ട്.
ജില്ലയിലെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, കോട്ടയം സബ്ഡിവഷനുകളിലെ പണികളാണ് നിലച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ടാര്‍ ക്ഷാമം മൂലം നിര്‍ത്തിവയ്ക്കേണ്ടിവന്നു. 70 കോടിരൂപയുടെ പ്രവൃത്തികളില്‍ പകുതി ജോലികളേ പൂര്‍ത്തീകരിക്കാനായുള്ളൂ.
ഇതിനു പുറമെ പതിമൂന്നാം ധനകാര്യ കമ്മീഷനുള്പ്പെട്ട റോഡുനിര്‍മ്മാണ പണികളും ടാര്ക്ഷാമം മൂലം മുടങ്ങിയിട്ടുണ്ട്. ഈ നിര്മ്മാണജോലികള്ക്കാവശ്യമായ കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചെങ്കിലും പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലപരിധിക്കുള്ളില്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കേന്ദ്രഫണ്ട് നഷ്ടപ്പെടുകയും ചെയ്യും.
സിമന്റ് കമ്പനികളും വ്യാപാരികളും ഒത്തുചേര്‍ന്ന് വിപണിയില്‍ സിമന്റിന് ക്ഷാമം സൃഷ്ടിക്കുന്നെന്ന് കരാറുകാര്‍ പറയുന്നു. സിമന്റ് ക്ഷാമത്തിനുപുറമെ ചാക്ക് ഒന്നിന് 40മുതല്‍ 60രൂപ വരെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തതായും കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി ആരോപിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ചെയ്തതുപോലെ സിമന്റുത്പാദകര് വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ച് സിമന്റുവില ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ പണികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞനിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന് ഭാരവാഹികളായ റെജി ടി. ചാക്കോ, ഷാജി ജോസഫ് ഇലവത്തില്‍, മനോജ് മാത്യു പാലത്തറ, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: