പൊന്‍കുന്നം : ചിറക്കടവ് പഞ്ചായത്ത് വ്യത്യസ്ത സമരത്തിന് വേദിയായി. ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ ഭേദമെന്യേ മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇതുമൂലം ഇന്നലെ ഓഫീസ് പ്രവര്‍ത്തിക്കാനായില്ല. പഞ്ചായത്തിലെ 20 വാര്‍ഡ് മെമ്പര്‍മാരും സമരത്തില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന് അധികാരികള്‍ അറിയിച്ചെങ്കിലും ഇതിന് ഉടനെ നടപടിവേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ പൊന്‍കുന്നം എസ്ഐ കെ.ആര്. മോഹന്‍ദാസ് നടത്തിയ ശ്രമങ്ങളും പാഴായി. സമരം നാളെയും തുടരുമെന്ന് മെമ്പര്‍മാര്‍ പറയുന്നു. പഞ്ചായത്തില്‍ 22 ജീവനക്കാരാണുള്ളത്. ഇതില്‍ യൂഡി ക്ലാര്‍ക്ക്, എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലുള്ള 5 പേരെ മൂന്നുമാസത്തിനിടയില്‍ സ്ഥലം മാറ്റി. ഈ വിഷയം സംസാരിക്കാന്‍ ഡിഡിപിയുടെ ഓഫീസില്‍ പ്രസിഡന്റ് അടക്കമുള്ള മെമ്പര്‍മാര്‍ ചെന്നെങ്കിലും മാന്യമായി സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് മെമ്പര്‍മാര്‍ പറയുന്നു. ഇതിനുശേഷവും സ്ഥലമാറ്റം ആവര്‍ത്തിച്ചു. പുതുതായി വരുന്ന ജീവനക്കാര്‍ ഓഫീസ് ഫയലുകള്‍ പഠിക്കുമ്പോഴേക്കും സ്ഥലം മാറ്റം നടത്തുന്നത് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുന്നതായി പ്രസിഡന്റ് സി.കെ. രാമചന്ദ്രന് നായര്‍ പറഞ്ഞു. ചിറക്കടവ് സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായതിനാല്‍ വളരെ തിരക്കനുഭവപ്പെടുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തനം നിലച്ചതുവഴി ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. എല്‍ഡിഎഫ് 10, യുഡിഎഫ് 6, ബിജെപി 4 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: