വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ അഷ്ടമിഉത്സവത്തോടനുബന്ധിച്ചു നടന്ന ഋഷഭവാഹനം എഴുന്നെള്ളിപ്പ് ദര്‍ശനം ഭക്തസഹസ്രങ്ങള്‍ക്ക് നിര്‍വൃതിയേകി. മനോഹരമായി അലങ്കരിച്ച ഭഗവാന്റെ ചട്ടം വെള്ളിക്കാളപ്പുറത്തെഴുന്നെള്ളിക്കുകയായിരുന്നു.
കുളിച്ചു തറ്റുടുത്ത് വിഭൂതിയണിഞ്ഞ് നാല്പതോളം മൂസതുമാര്‍ ചേര്‍ന്ന് മുളന്തണ്ടില്‍ വെള്ളി ഋഷഭത്തെ എടുത്ത് എഴുന്നെള്ളിപ്പ് നടത്തി. അത്താഴപ്പൂജ, ശ്രീഭൂതബലി എന്നിവ കഴിഞ്ഞാണ് ഋഷഭവാഹനം എഴുന്നെള്ളിപ്പ് നടന്നത്.
അഷ്ടമിയോടനുബന്ധിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ പ്രാതല്‍ ആരംഭിച്ചു. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയില്‍ നിന്നും ഭഗവത് പ്രസാദം സ്വീകരിക്കാന്‍ രാവിലെ മുതല്‍ തന്നെ ഭക്തരുടെ നീണ്ടനിരയായിരുന്നു.
അഷ്ടമി ദിവസം 151 പറ അരിയുടെ പ്രാതലാണ് നടത്തുന്നത്. വൈകുന്നേരത്തുള്ള അത്താഴക്കഞ്ഞിക്കും ഭക്തസഹസ്രങ്ങളെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: