ശ്രീനഗര്‍/റാഞ്ചി: ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.കനത്ത സുരക്ഷയാണ് ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരില്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയും ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണങ്ങളും കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായ ഉറി, സോപോര്‍ ഉള്‍പ്പെടെ കശ്മീര്‍ താഴ്വരയിലെ മൂന്നു ജില്ലകളിലെ 16 മണ്ഡലങ്ങളിലാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മൂന്നു മന്ത്രിമാരും അടക്കം 143 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.
രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മമീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ റെക്കോര്‍ഡ് പോളിങ്ങാണ് (70 ശതമാനം) രേഖപ്പെടുക്കിയത്. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചാണ് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തിയത്.
തലസ്ഥാന നഗരിയായ റാഞ്ചിയിലേതുള്പ്പെടെ 17 മണ്ഡലങ്ങളിലേക്കാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ്. മൂന്ന് മന്ത്രിമാരടക്കം 289 സ്ഥാനാര്‍ഥികള്‍ മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നു. 50,16,657 വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
റാഞ്ചി, ഹഠ്യ, കാംകെ എന്നി മണ്ഡലങ്ങളില്‍ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയും മറ്റുമണ്ഡലങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി വൈകിട്ട് മൂന്നുമണിവരെയുമാണ് വോട്ടെടുപ്പ്.മാവോവാദി സാന്നിധ്യമുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 1477 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതായി വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: