തൃശൂര്‍: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ഏറെ കണ്ണികള്‍ ഉള്ള തൃശൂര്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി.
മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളായ രൂപേഷിന്റെയും അടുത്തിടെ മഹാരാഷ്ട്രയിലെ വനാതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സിനോജിന്റെയും വീടുകള്‍ തൃശൂര്‍ ജില്ലയിലെ തീരമേഖലയിലാണ്. അതുകൊണ്ട് തന്നെ പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. തീരമേഖലയില്‍ പ്രത്യക്ഷത്തില്‍ ഇവര്‍ക്ക് വേണ്ടി ആരും രംഗത്ത് ഇറങ്ങുന്നില്ലെങ്കിലും രഹസ്യ പിന്തുണ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. വലപ്പാട് മേഖലയില്‍ മാവോയിസ്റ്റ് താവളങ്ങളും അനുഭാവികളും ഉണ്ടെന്ന സൂചനകളുള്ളതുകൊണ്ടു തന്നെ വലപ്പാട്, തളിക്കുളം മേഖലകളില്‍ പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് ജില്ലയില്‍ വാഹനപരിശോധനയും ലോഡ്ജുകളില്‍ തിരച്ചിലും നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയും എന്തെങ്കിലും സംശയിക്കത്തക്കതായി കണ്ടെത്തിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ജന്മഭൂമിയോട് പറഞ്ഞു. ജില്ലയുടെ തീരദേശ മേഖലകള്‍, വനമേഖലകള്‍, മലയോര പ്രദേശങ്ങള്‍, തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വന-മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് ജാഗ്രതയിലാണ്. കൊച്ചി പനമ്പിള്ളി നഗറില്‍ നിറ്റ ജലാറ്റിന്‍ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനി പ്രവര്‍ത്തിക്കുന്ന ചാലക്കുടിയിലെ കാതിക്കുടത്തും കുടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
പാലിയേക്കര ടോള്‍ പ്ലാസയിലും, പീച്ചി, ചിമ്മിനി ഡാമുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഏതാനും മാസം മുമ്പ് തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം പാലപ്പിള്ളി വനമേഖലയിലും മറ്റും മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകള്‍ വന്‍തോതില്‍ ആയുധ സംഭരണം നടത്തിയിട്ടുണ്ടെന്ന സുചനകളാണ് പോലീസിനുള്ളത്. അത് കൊണ്ടാണ് വയനാട്ടില്‍ വെടിവെയ്പ്പിന് മുതിര്‍ന്നതെന്ന് പോലീസ് വിലയിരുത്തുന്നു.
വ്യക്തമായ സൂചനകള്‍ ലഭിച്ചതും ഇവര്‍ സേനാംഗങ്ങള്‍ക്കു നേരെ ആക്രമണത്തിന് മുതിര്‍ന്നതും സംസ്ഥാന പോലീസ് വകുപ്പ് ഗൗരവത്തോടെ കാണുന്നതുകൊണ്ടു തന്നെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സൂചനയുള്ള ജില്ലകള്‍ക്കെല്ലാം സുരക്ഷയും ജാഗ്രതയും ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: