കോട്ടയം: കുമാരനെല്ലൂര്‍ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്നു ക്ഷേത്രത്തില്‍ മൂന്നുമാസത്തിനുള്ളില്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തുമെന്ന് കുമാരനെല്ലൂര്‍ ഊരാണ്മയോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേവപ്രശ്നത്തിനായി വിദഗ്ദ്ധരുമായി ചര്‍ച്ചനടത്തുന്നുണ്ട്. ഇവരുടെ സമയംകൂടി ലഭിക്കുന്ന മുറയ്ക്ക് ദേവപ്രശ്നം നടത്തും. 2005ല്‍ നടന്ന ദേവപ്രശ്നത്തില്‍ ദേവിയുടെ സാന്നിദ്ധ്യത്തിനു ചൈതന്യത്തിനും കുറവില്ലെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്തില്‍ അഷ്ടബന്ധകലശം നടത്തുകയും ചെയ്തിട്ടുണ്ട്.
അഗ്നിബാധയെത്തുടര്‍ന്ന് കത്തിനശിച്ച ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നടത്താനാണ് തീരുമാനം. പ്രശസ്ത വാസ്തുശില്പിയും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ വേഴപ്പറമ്പ് ചിത്രന് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭക്തജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ക്ഷേത്രസുരക്ഷയ്ക്കായി ആധുനിക അഗ്നിശമന സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കുമാരനെല്ലൂര്‍ ഊരാണ്മയോഗം പ്രസിഡന്റ് സി.എന്‍. ശങ്കരന് നമ്പൂതിരി, ഭരണാധികാരി പി. പരമേശ്വരന് നമ്പൂതിരി, ഭരണസമിതി അംഗം വി.എസ്. മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: