കാസര്‍കോട്: ജില്ലയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്നു. കാസര്‍കോട് ജില്ലക്കായി 60 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ തയ്യാറാക്കിയ വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥരും എംഎല്‍എ യും മലക്കം മറിയുകയാണ്.
ബാവിക്കരയില്‍ സ്ഥിരം തടയണയെന്ന നാട്ടുകാരുടെ ആവശ്യം പദ്ധതിയായി അംഗീകരിച്ചെങ്കിലും ഇന്നും കടലാസില്‍ തന്നെയാണ്. പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൈ മലര്‍ത്തുകയാണെന്നാണ് പരാതി.
നൂറ് മീറ്റര്‍ വീതി, രണ്ട് കിലോമീറ്റര്‍ വരെ നീളം, ഏകദേശം മൂന്ന് മീറ്റര്‍ ആഴം എന്നിങ്ങനെ വിസ്തൃതമായ രീതിയില്‍ തയ്യാറാക്കിയ ബാവിക്കരയിലെ തടയണയ്ക്ക് ആവശ്യമായ ഫണ്ട് ആനുവദിച്ചു കിട്ടുന്നതില്‍ അധികാരികള്‍ വേണ്ട തരത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. പദ്ധതിക്കായി എന്ന് ഫണ്ട് ലഭ്യമാകുമെന്നോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകുമെന്നോ അധികൃതര്‍ക്ക് ഒരു പിടിയുമില്ല.
സംസ്ഥാന സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച് ശ്രദ്ധ പതിപ്പിക്കേണ്ട എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ യ്ക്കും പദ്ധതിയെക്കുറിച്ച് വ്യക്തമായ അറിവില്ല. ഉടന്‍ ശരിയാക്കുമെന്ന് കള്ള പ്രചാരണം നടത്തി നാട്ടുകാരെ കബളിപ്പിക്കുകയാണ് എംഎല്‍എ ചെയ്യുന്നതെന്നും പരാതിയുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി മാസങ്ങളില്‍ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന കാസര്‍കോട് നിവാസികള്‍ക്ക് മേല്‍പ്പറഞ്ഞ തടയണ വരുന്നതോടെ ഏറെ ആശ്വാസം ലഭിക്കും. എന്നാല്‍ തടയണ നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് കൈപ്പറ്റുന്നതിനുള്ള യാതൊരു നടപടിയും ജില്ലാ ആധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: