കൊല്ലം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സുനാമിദുരന്തത്തിന്റെ പത്താം വാര്‍ഷികമാണ് ഡിസംബര്‍ 26. കരുനാഗപ്പള്ളിക്കും കൊല്ലം ജില്ലയ്ക്കും ഭീതിയുടേതാണി ദിനം. മിനിറ്റുകള്‍ കൊണ്ട് 130 ജീവനുകള്‍ കവര്‍ന്നെടുത്ത കൂറ്റന്‍ തിരമാല സുനാമിയാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.
കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിലും ശക്തികുളങ്ങരയിലും വന്‍നാശനഷ്ടങ്ങളാണ് സുനാമി തിരമാലകള്‍ 2004 ഡിസംബര്‍ 26ന്റെ മധ്യാഹ്നത്തില്‍ വരുത്തിവച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ കടലിലുണ്ടായ ഭൂകമ്പമാണ് സുനാമി തിരയുടെ രാക്ഷസരൂപം പ്രാപിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ വീശിയടിച്ച സുനാമി ആലപ്പാട് പഞ്ചായത്തില്‍പെട്ട അഴീക്കല്‍, സ്രായിക്കാട് എന്നിവിടങ്ങളില്‍ 129 പേരുടെ ജീവനാണ് അപഹരിച്ചത്.
1475ഓളം പേര്‍ക്ക് പരിക്കേറ്റു. 3000 വീടുകള്‍ പൂര്‍ണമായും 2500 വീടുകള്‍ ഭാഗികമായും തകര്‍ക്കപ്പെട്ടു. സര്‍ക്കാര്‍ രേഖകളിലുള്ളതിനെക്കാള്‍ ദയനീയമായിരുന്നു സ്ഥിതിഗതികള്‍.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വള്ളവും വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കയറിക്കിടക്കാനുള്ള കിടപ്പാടവും നഷ്ടപ്പെട്ട് 38000 പേരാണ് ദുരന്തത്തിനുശേഷം സര്‍ക്കാര്‍ തുറന്ന 53 റിലീഫ് ക്യാമ്പുകളില്‍ മാസങ്ങളോളം കഴിച്ചുകൂട്ടിയത്.
അയണിവേലിക്കുളങ്ങര, കുലശേഖരപുരം, ആദിനാട്, ക്ലാപ്പന, ഓച്ചിറ, കരുനാഗപ്പള്ളി, ആലപ്പാട്, ശക്തികുളങ്ങര, പന്മന എന്നിവിടങ്ങളിലാണ് റിലീഫ് ക്യാമ്പുകള്‍ തുറന്നത്. ഏറ്റവും കൂടുതല്‍ റിലീഫ് ക്യാമ്പുകള്‍ ആലപ്പാട് പഞ്ചായത്തിലായിരുന്നു-ഏഴെണ്ണം.
സുമാത്രയില്‍ ആഞ്ഞടിച്ച സുനാമിയുടെ പ്രതിഫലനം ആലപ്പാടിന് പുറമേ തീരപ്രദേശങ്ങളായ വാടി, തങ്കശ്ശേരി, പോര്‍ട്ട്, ഇരവിപുരം, തിരുമുല്ലവാരം, മരുത്തടി, ശക്തികുളങ്ങര എന്നിവിടങ്ങളിലുമുണ്ടായി.
വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഈ ദിവസങ്ങളില്‍ പൂര്‍ണമായും നിലച്ചു. ദുരന്തത്തിന്റെ ആഘാതം പലരെയും മാനസിക അസ്വാസ്ഥ്യത്തിലേക്ക് തള്ളിവിട്ടപ്പോള്‍ നിരവധി സാമൂഹിക-സന്നദ്ധ സംഘടനകള്‍ സഹായഹസ്തവുമായെത്തി. അഴീക്കല്‍ മംഗലത്തുവീട്ടില്‍ ഹരിലാലിന്റെ മൂന്നര മാസം പ്രായമുള്ള മകന് സിദ്ധാര്‍ത്ഥ് മുതല്‍ അഴീക്കല്‍ തുണ്ടുപറമ്പില്‍ മാധവന്റെ ഭാര്യ തൊണ്ണൂറുകാരി കറുത്തമ്മവരെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മനസിലെ നെരിപ്പോടായി.
12 മണിക്ക് മുമ്പുതന്നെ രണ്ടുചെറിയ തിരമാലകള്‍ പല സ്ഥലത്തും കാണപ്പെട്ടതായി ജില്ലാഭരണകൂടത്തിന് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് വാഹനത്തിലും സര്‍ക്കാര്‍ വാഹനങ്ങളിലും അനൗണ് സ്മെന്റ് നടത്തി മുന്നറിയിപ്പ് നല്‍കിയും ആളുകളെ ജാഗ്രതയിലാക്കിയും കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ കഴിഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം കടലില്‍ പോകുന്ന വലിയൊരു വിഭാഗം മത്സ്യതൊഴിലാളികള്‍ക്കും തുണയായിരുന്നു.
80 സ്ത്രീകളും 50 പുരുഷന്മാരും അടക്കം 130 പേരാണ് ജില്ലയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ ഒന്നു മുതല്‍ പത്തുവയസുവരെ പ്രായമുള്ള 29 കുട്ടികളും ഉള്‍പ്പെടുന്നു. പ്രയാര്‍ ആര്‍വിഎസ്എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നീതു സുനാമി ദുരന്തത്തിന്റെ നീറുന്ന പ്രതീകമാണ്. ദുരന്തത്തില്‍ നീതുവിന്റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം മരണത്തിനിരയായി.
അഴീക്കല്‍ മുക്കാല്വട്ടത്തായിരുന്നു നീതുവിന്റെ വീട്. 12 വയസായിരുന്നു സുനാമി ദുരന്തവേളയില്‍ അവള്‍ക്ക് പ്രായം. തീര്‍ത്തും അനാഥയായ നീതുവിനെ പിന്നീട് സുമനസുകളുടെ ചിലവില്‍ പഠിപ്പിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്നീട് മതിയായ രേഖകളില്ലാത്തതിന്റെ കാരണത്താല്‍ ലഭിച്ചില്ലെന്ന് പരാതിയുമുയര്‍ന്നു.
പിന്നീട് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കാന്‍ നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. മാതാ അമൃതാനന്ദമയി മഠം 1493 വീടുകളാണ് സുനാമി ബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത്. 21 സംഘടനകള്‍ സുനാമിഭവനങ്ങള് നിര്‍മ്മിച്ചു നല്കി. അമൃതാനന്ദമയീമഠം നിര്‍മ്മിച്ചു നല്കിയ അമൃതസേതു പാലം അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമാണ് നാടിന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: