ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അനിശ്ചിതത്വത്തിലായിരുന്ന 90,000 ആദായ നികുതി കേസുകള്‍ നിയമമന്ത്രാലയം തീര്‍പ്പാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി ഇ- കോടതികളും കോടതികളുടെ ഇ ബെഞ്ചുകളും സ്ഥാപിച്ച് കേസിന്റെ വിചാരണ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്പ്പാക്കുന്നതുവഴി ലക്ഷക്കണക്കിനുകോടി രൂപയുടെ അധികവരുമാനമുണ്ടാക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ഹിയറിങ്ങുകളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നികുതി വകുപ്പ് ഉന്നതാധികാരികളാണ് ഹിയറിങ്ങിന് നേതൃത്വം നല്‍കും. പൊതുവെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് അതത് സംസ്ഥാനങ്ങളിലെ ഇന്‍കം ടാക്സ് കമ്മീഷണറാണ്. കമ്മീഷണര്‍ ഉത്തരവിട്ടതിനു ശേഷമാണ് ഐടിഎടിക്ക് കേസ് കൈമാറുന്നത്. ഇതിനു ശേഷം ഇരുകൂട്ടര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ആദായ നികുതി കേസുകളില്‍ രണ്ടോ അതിലധികമോ വര്‍ഷമെടുത്താണ് വിധി പ്രസ്താവിക്കുന്നത്. അഞ്ചുമുതല്‍ എട്ടുവര്‍ഷം വരെ വിധി വരാത്ത കേസുകളുമുണ്ട്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഈ കേസുകളില്‍ തീര്പ്പുണ്ടാക്കുന്നതിനുകൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ശ്രമം.
അതേസമയം, വന്‍തുകകള്‍ പിഴ ഒടുക്കേണ്ടവരില് അര്‍ഹിക്കുന്നവര്‍ക്ക് ഇളവ് ചെയ്തുനല്‍കാനും കേന്ദ്രസര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍ഗണനാ ക്രമത്തിലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഇത്തരം കേസുകള്‍ പരിഗണിക്കുകയെന്ന് മുതിര്‍ന്ന നിയമമന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ സംബന്ധിച്ച വിശദമായ കണക്കെടുപ്പ് നടത്തിവരികയാണ്. ഇത് ഒത്തുതീര്‍പ്പാക്കുന്നതിനായി പ്രത്യേക ബഞ്ചിനേയും നിയമിക്കും.
ഐടിഎടിയുടെ നേതൃത്വത്തില്‍ 63 ബെഞ്ചുകളെയാണ് നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് 126 പ്രത്യേക ബെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ 78 എണ്ണത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. പല ട്രൈബ്യൂണലുകളുടേയും പ്രവര്‍ത്തനംതന്നെ നിര്‍ത്തിവെച്ചിരിക്കുകയും ചിലതില്‍ പലകാരണങ്ങളാല്‍ കേസുകള്‍ കെട്ടിക്കിടക്കുകയുമാണ്. അതിനാല്‍ കേസിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഇ- കോര്‍ട്/ ഇ- ബെഞ്ചുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ നടപടി ക്രമങ്ങള്‍ രാജ്യത്ത് നടന്നു വരികയാണ്.
നാഗ്പൂര്‍, പാട്ന, ഗുവഹാതി, വിശാഖപട്ടണം, കട്ടക്, പനാജി എന്നിങ്ങനെ 11 സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ- കോടതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഐടിഎടി വെബ്സൈറ്റിന്റെ ആധുനികവത്കരണവും ഇതോടൊപ്പം പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങള്‍ക്ക് നിയമമന്ത്രാലയത്തിന്റെ പുതിയ തീരുമാനങ്ങള്‍ അറിയാന്‍ സാധിക്കും. നികുതി നിയമുയി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ ഒരു ക്ലിക്കിലൂടെ പൊതുജനങ്ങള്‍ക്ക് അറിയാനാകും.
2013 ലെ കണക്കുപ്രകാരം രാജ്യത്ത് 70820 ഇന്‍കംടാക്സ് കേസുകളാണ് കെട്ടിക്കിടന്നത്. 2014 ആയപ്പോള്‍ ഇത് 83732 ആയി. കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി 78 അംഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഓഫ് ഫോറിന് എക്സ്ചേഞ്ചിന്റെ (എഫ്ഇഎംഎ) പ്രവര്‍ത്തനങ്ങള്‍ ഇനിയും വേണ്ടത്ര കാര്യക്ഷമമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: