പത്തനംതിട്ട : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിവിധ കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ നാഷണല്‍ ലോക് അദാലത്ത് ജനങ്ങളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോടതികളിലും, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമായി കെട്ടിക്കിടന്നിരുന്ന നിരവധി കേസുകള്‍ക്ക് അദാലത്തില്‍ പരിഹാരമായി. ആകെ 31,298 കേസുകളാണ് അദാലത്തില്‍ പരിഗണനയ്ക്ക് വന്നത്. ഇതില്‍ ഇന്നലെ വൈകിട്ട് 5.30 വരെ 10,500 കേസുകള്‍ തീര്‍പ്പാക്കി.
തീര്‍പ്പാക്കിയ കേസുകളില്‍ കൂടുതലും പെറ്റി കേസുകളാണ്. പത്തനംതിട്ടയില്‍ 3,500 ഉം അടൂരില്‍ 3,500 ഉം റാന്നിയില്‍ 1000 വും തിരുവല്ലയില്‍ 2,500 ഉം കേസുകള്‍ തീര്‍പ്പാക്കി. ജില്ലാ രജിസ്ട്രാറുടെ ഓഫീസില്‍ മാത്രം വിലകുറച്ചു കാണിച്ച് പ്രമാണം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള 600 കേസുകള്‍ പരിഹരിച്ചു. അദാലത്ത് വലിയ വിജയമാണെന്നും അവസാന പരാതിവരെയും പരിഗണിക്കുമെന്നും പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.സോമരാജന് പറഞ്ഞു.
വിവിധ കോടതികളില്‍ തീര്‍പ്പാകാനുള്ള കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ 138-ാം വകുപ്പ് പ്രകാരുമുള്ള കേസുകള്‍, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ കേസുകള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള നിരവധി കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്
പത്തനംതിട്ട കോടതി, കോഴഞ്ചേരി താലൂക്ക് ഓഫീസ്, ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളി താലൂക്ക് ഓഫീസ്, തിരുവല്ല ആര്‍ഡിഒ ഓഫീസ്, അടൂരില്‍ ആര്‍ഡിഒ ഓഫീസ്, താലൂക്ക് ഓഫീസ്, റാന്നിയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, കോന്നിയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, കോന്നി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് അദാലത്ത് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: