അടിമത്തത്തിനെതിരെ അന്തിമസമരമായി സ്വാതന്ത്ര്യത്തിന്റെ അഗ്നി രാജ്യമെങ്ങും ആളിപ്പടരുമ്പോള്‍ യുവാവായ വെങ്കിട്ട കല്യാണം എന്ന വി.കല്യാണത്തിനും വെറുതെയിരിക്കാനായില്ല.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ലഘുലേഖ വിതരണംചെയ്ത് സ്വാതന്ത്ര്യസമരത്തിന്റെ ചൂടിലേക്ക്. ആദ്യ ‘കുറ്റത്തിന്’ ഏഴുമാസത്തെ തടവ്. ജയിലില്‍നിന്നിറങ്ങിയ ആ യുവാവിന് എന്നാല്‍ വഴിതെറ്റിയില്ല. ഒരു ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ ഒന്നാകെ ശരീരത്തിലേറ്റുവാങ്ങിയ മഹാത്മാവിനെ അനുഗമിക്കാന്‍ സഹനസമരത്തിന്റെ ശാന്തിമന്ത്രം മുഴങ്ങുന്ന വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിലേക്ക്… ഒരു വെടിയുണ്ടയില്‍ മഹാത്മാവിന്റെ ജീവന് നിലക്കുവോളം നിഴല്‍പോലെ കൂടെയുണ്ടായി കല്യാണം. അഞ്ച് വര്‍ഷത്തോളം ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കല്യാണം ഗോഡ്സെ വെടിയുതിര്‍ക്കുമ്പോള്‍ ഗാന്ധിജിയുടെ ഇടത് വശത്ത് തൊട്ടരികിലായിരുന്നു. ഈ ദുഖവാര്‍ത്ത നെഹ്റുവിനെയും പട്ടേലിനെയും വിളിച്ചറിയിച്ചതും കല്യാണം തന്നെയായിരുന്നു.
അന്നത്തെ 28കാരനില്‍നിന്നും 92 വയസിലെത്തി നില്ക്കുമ്പോള് പലതും അലോസരപ്പെടുത്തുന്നുണ്ട് അദ്ദേഹത്തെ. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആദര്‍ശത്തെയും എല്ലാവരും മറന്നു. ഗാന്ധിജിയുടെ പിന്മുറക്കാരെന്നവകാശപ്പെട്ടവര് രാജ്യത്തോട് ചെയ്ത അനീതിയെയും ആദരിക്കപ്പെടേണ്ടവര്‍ ഒരുതറവാട്ടില്നിന്നുള്ളവര് മാത്രമാണെന്ന ചരിത്രനിര്മ്മിതിയെയും അദ്ദേഹം ചോദ്യംചെയ്യുന്നു. ‘കില’യില്‍ അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് തൃശൂരിലെത്തിയ കല്യാണം ജന്മഭൂമിയുമായി സംസാരിക്കുന്നു.
? ഗാന്ധിജി ഇല്ലാതെ 66 വര്‍ഷങ്ങള്‍. സ്വാതന്ത്ര്യാനന്തര ഭാരതം ഏഴുപതിറ്റാണ്ടോട് അടുത്തിരിക്കുന്നു. ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ ഗുണഫലം സാധാരണക്കാരിലേക്കെത്തിക്കുന്നതിനും നമുക്ക് സാധിച്ചോ
ഇല്ല. ഗാന്ധിജി എന്തുകൊണ്ടാണ് സ്വാതന്ത്ര്യം ആഗ്രഹിച്ചത്? ഇന്ത്യക്കാര്‍ പാവപ്പെട്ടവരായിരുന്നു. കയറിക്കിടക്കാന്‍ വീടോ കഴിക്കാന്‍ നല്ല ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. സ്വാതന്ത്ര്യം ഇതിന് മാറ്റം വരുത്തുമെന്ന് അദ്ദേഹം കരുതി. ഇന്നും ഗ്രാമങ്ങളില്‍ ഇതുതന്നെയല്ലേ സ്ഥിതി. ചികിത്സലഭിക്കാതെയും പട്ടിണികിടന്നും ആളുകള്‍ മരിക്കുന്നു. നല്ല വിദ്യാഭ്യാസമോ ഗതാഗത സൗകര്യമോ ലഭിക്കുന്നില്ല. സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ദ്ധിക്കുന്നു. ഗാന്ധിജി സ്വപ്നം കണ്ട ഭാരതം ഏറെ അകലെയാണിന്നും.
? ഗാന്ധിയന്മാരെന്ന് സ്വയം വിശേഷിപ്പിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസാണ് 60 വര്‍ഷത്തോളം രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യം പൂര്ണഅര്ത്ഥത്തില് രാജ്യം ഉള്‍ക്കൊള്ളാത്തതിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയല്ലേ
കോണ്‍ഗ്രസ് മാത്രമാണ് ഇതിന് ഉത്തരവാദികള്‍. കോണ്‍ഗ്രസിന്റെ ഭരണം കൊണ്ട് നേട്ടമുണ്ടായത് നേതാക്കള്‍ക്ക് മാത്രമാണ്. അവര്‍ അധികാരം ആസ്വദിച്ചു. അഴിമതി നടത്തി പണമുണ്ടാക്കി. ജനങ്ങളെ സേവിക്കാനല്ല, മന്ത്രിമാരും എംപിമാരുമാകാനാണ് അവര്‍ക്ക് താത്പര്യം. യഥാ രാജാ തഥാ പ്രജ എന്നല്ലേ. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി ഭരിച്ചിരുന്നെങ്കില്‍ രാജ്യം ഉന്നതിയിലെത്തുമായിരുന്നു.
? നെഹ്റു ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഗാന്ധിജിയെ മറന്നു എന്നാണോ
നെഹ്റു തന്റേതായ അര്‍ത്ഥത്തില്‍ ഗാന്ധിജിയെ ഉള്‍ക്കൊണ്ടു. അദ്ദേഹം അഴിമതിക്കാരനായിരുന്നില്ല. എന്നാല്‍ കൂടെയുള്ളവരുടെ അഴിമതി തടയാന്‍ ബാധ്യതയുള്ള പ്രധാനമന്ത്രിയായിരുന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. ഒരിക്കല്‍ പാര്‍ലമെന്റില്‍ ഒരംഗം ഈ വിഷയം ഉന്നയിച്ചപ്പോള്‍ ചെറിയ അഴിമതി അവിടെയും ഇവിടെയും ഉണ്ടെന്നും വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞ് നെഹ്റു നിസാരവത്കരിച്ചു. ചെറിയ അഴിമതി ഗര്‍ഭാവസ്ഥയുടെ തുടക്കം പോലെയാണെന്നും പിന്നീട് വളര്‍ന്ന് വലുതാകുമെന്നും എംപി തിരിച്ചടിച്ചു. ചെറിയ അഴിമതി വളര്‍ന്ന് ഇപ്പോള്‍ ടു ജി സ്പെക്ട്രം പോലുള്ള ഹിമാലയന്‍ അഴിമതിയിലെക്കെത്തിയത് നാം കണ്ടു. നടപടിയെടുക്കാതെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു നെഹ്റു.
? നെഹ്റുവില്‍ നിന്നും മോദിയിലേക്ക് വരാം. സ്വഛ് ഭാരത്, സന്‍സദ് ആദര്‍ശ് ഗ്രാമ യോജന തുടങ്ങിയ പദ്ധതികളിലൂടെ കോണ്‍ഗ്രസ് മറന്ന ഗാന്ധിജിയുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം മോദി നടത്തുന്നില്ലേ.
ഗാന്ധിജിയുടെ ദര്‍ശനമായിരുന്നു ഗ്രാമ വികസനവും ശുചിത്വ ഭാരതവുമെല്ലാം. ഇത് നടപ്പിലാക്കാന്‍ ശ്രമിച്ച ആദ്യത്തെ ഭരണാധികാരിയാണ് മോദി. മോദിക്കു മുന്‍പുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെല്ലാം ഗാന്ധിജിയെ അവഗണിച്ചു. മോദിയുടെ ഈ നിലപാടില്‍ ശുഭപ്രതീക്ഷയുണ്ട്. എന്നാല്‍ ലക്ഷ്യംനേടാന്‍ പ്രയാസമാണ്. ശുചിത്വഭാരതത്തിന് ഇപ്പോള്‍ ചെയ്യുന്ന രീതി ശരിയല്ല. തദ്ദേശഭരണസ്ഥാപനങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വേണ്ടത്. വീഴ്ച വരുത്തിയാല്‍ കടുത്ത നടപടിയെടുക്കണം. ഇതിന് അല്‍പ്പം ഏകാധിപതിയായാലും തെറ്റില്ല. അധികാരമുപയോഗിച്ചില്ലെങ്കില് മോദിക്ക് വിജയിക്കാനാകില്ല. ഗാന്ധിയന്‍ ദര്‍ശനം ഉള്‍ക്കൊണ്ട് ലളിത ജീവിതം നയിക്കാനും മോദി തയ്യാറാകണം.
? പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ എങ്ങനെ വിലയിരുത്തുന്നു
ഇന്ത്യയില്‍ ആര്‍ക്കും പ്രധാനമന്ത്രിയാകാം. അതിന് നെഹ്റുവിനെപ്പോലെ ബുദ്ധിജീവിയാകണമെന്നില്ല. രാജ്യത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കി എല്ലാവര്ക്കും സന്തോഷത്തോടെ ജിവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്യേണ്ടത്. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കണം എല്ലാം. രാജ്യത്തിന്റെ പുരോഗതിക്ക് മോദി പലതും ചെയ്യുന്നുണ്ട്. ഗാന്ധിജിയെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം അക്രമത്തിന്റെ പാത ഉപയോഗിക്കുന്നില്ല. കാശ്മീര്‍, ചൈനീസ് അധിനിവേശം തുടങ്ങിയ വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. മോദി തന്ത്രശാലിയാണ്. ഒബാമയെ റിപ്പബ്ലിക് ദിനത്തില്‍ ക്ഷണിച്ചത് മോദിയുടെ തന്ത്രമാണ്.
? നെഹ്റു-ഇന്ദിരാഗാന്ധി-രാജീവ്ഗാന്ധി-സോണിയാഗാന്ധി-രാഹുല്‍ഗാന്ധി… പോരാടി നേടിയെടുത്ത ജനാധിപത്യത്തെ അപഹസിക്കുന്നതല്ലേ ഈ കുടുംബവാഴ്ച. കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചക്ക് ഉത്തരവാദികള്‍ നെഹ്റുകുടുംബം തന്നെയല്ലേ
യഥാര്‍ത്ഥ ഗാന്ധിയെ കോണ്‍ഗ്രസ് ഇന്ന് ഓര്‍ക്കുന്നു കൂടിയില്ല. വ്യാജ ഗാന്ധിമാര്ക്കാണ് പ്രധാന്യം. ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് അവര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. സോണിയയും ഗാന്ധിയുമായി എന്ത് ബന്ധം? അവരെങ്ങനെയാണ് ഇത്രയും ആഡംബര ജീവിതം നയിക്കുന്നത്. ആരെങ്കിലും ഗാന്ധിയുടെ മക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ. പക്ഷെ സോണിയയുടെ മക്കളെ എല്ലാവര്‍ക്കുമറിയാം. ഗാന്ധിജിയുടെയും പട്ടേലിന്റെയും മക്കളാരും അധികാരം ആഗ്രഹിച്ചില്ല. അവര്‍ ഗവണ്മെന്റിന്റെ സൗജന്യം ചോദിച്ചതുമില്ല. എന്നാല്‍ നെഹ്റുവിനെ നോക്കുക. ഇപ്പോള്‍ രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. അടുത്തത് രാഹുലിന്റെ മക്കള്‍. ഇവിടെ കോടിക്കണക്കിന് ജനങ്ങളുണ്ട്. എന്തിനാണ് ഒരു കുടുംബത്തില്‍ നിന്നു മാത്രം പ്രധാനമന്ത്രി. ഇതിന് ജനാധിപത്യത്തില്‍ സ്ഥാനമില്ല.
? സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം നെഹ്റു-പട്ടേല്‍ താരതമ്യ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. രണ്ട് പേരെയും അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ താങ്കളുടെ അഭിപ്രായം എന്താണ്
നെഹ്റുവിനേക്കാള് യോഗ്യന്‍ പട്ടേല്‍ തന്നെയായിരുന്നു. നെഹ്റുവിനേക്കാള് മികച്ച പ്രധാനമന്ത്രിയാകാന്‍ പട്ടേലിന് സാധിക്കുമായിരുന്നു. കാശ്മീര്‍, ചൈനീസ് പ്രശ്നങ്ങള്‍ പട്ടേല്‍ അനുവദിക്കുമായിരുന്നില്ല. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വ്യക്തി, സുമുഖന്‍, യുവാവ് എന്നീ പരിഗണനകളാണ് നെഹ്റുവിന് തുണയായത്. കരുത്തനായിരുന്ന പട്ടേല്‍ നാട്ടുരാജ്യങ്ങളെ യോജിപ്പിക്കുന്നതില്‍ അസാനമാന്യ മിടുക്ക് പ്രകടിപ്പിച്ചു. എന്നാല്‍ കാശ്മീരിന്റെയും അരുണാചല്‍ പ്രദേശിന്റെയും കാര്യത്തില്‍ നെഹ്റുവിന്റെ തീരുമാനങ്ങള്‍ തെറ്റി. കാശ്മീര്‍ ഇന്നും രാജ്യത്തിന്റെ തലവേദനയായി തുടരുന്നതും അരുണാചലിലെ ചൈനീസ് അധിനിവേശത്തിനും ഉത്തരവാദി നെഹ്റുവാണ്. ഇതു രണ്ടും പരിഹരിക്കാന്‍ പട്ടേലിന് സാധിക്കുമായിരുന്നു. കാശ്മീര്‍ പ്രശ്നം യുഎന്നില്‍ എത്തിയപ്പോള്‍ പട്ടേലിന്റെ നിലപാട് ധീരമായിരുന്നു. കാശ്മീര്‍ തര്ക്കവിഷയമെന്ന (ഡിസ്പ്യൂട്ട്) നിലപാടിനെ അദ്ദേഹം എതിര്‍ത്തു. പാക്കിസ്ഥാന്റെ അധിനിവേശമാണ് പ്രശ്നമെന്നും കള്ളന്മാര് അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിക്കുന്നത് എങ്ങനെ തര്‍ക്കമാകുമെന്നും അദ്ദേഹം ചോദിച്ചു. നെഹ്റുവിന് മുസ്ലീങ്ങളോട് അനുഭാവമുണ്ടായിരുന്നു. പട്ടേലിന് ഹിന്ദുക്കളോടും. ഇത് പല വിഷയത്തിലും ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനും കാരണമായി. വിഭജന സമയത്ത് പാക്കിസ്ഥാന് പണം നല്കാന് ധാരണയായിരുന്നു. കാശ്മീരില്‍ പാക്കിസ്ഥാന് അതിക്രമിച്ചു കയറിയപ്പോള്‍ പണം നല്‍കേണ്ടതില്ലെന്ന് പട്ടേല്‍ നിലപാടെടുത്തു. എന്നാല്‍ ഗാന്ധിജി എതിര്‍ത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വിഭജനത്തിന് മുന്‍പ് എല്ലാം പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍ നേതാക്കള്‍ അധികാരം ലഭിക്കുന്നതിന്റെ ആകാംക്ഷയിലായിരുന്നു.
? പട്ടേലിനെ ഉയര്‍ത്തിക്കാണിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയം മാത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പട്ടേലിന് അര്‍ഹിക്കുന്ന ആദരവ് ഇതിനു മുന്‍പ് രാജ്യം നല്‍കിയിട്ടുണ്ടോ
കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയം എല്ലാം നെഹ്റുവില്‍ കേന്ദ്രീകരിക്കാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് പട്ടേല്‍ പുറത്തായത്. കോണ്‍ഗ്രസ് അവഗണിക്കുന്നത് മനസിലാക്കിയാണ് മോദി പട്ടേലിനെ ഉയര്‍ത്തിക്കാണിക്കുന്നത്. പട്ടേലിനെ മാത്രമല്ല, ഡോ.രാജേന്ദ്ര പ്രസാദ്, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൗലാനാ ആസാദ്..ഇവരെയൊക്കെ കോണ്‍ഗ്രസ് അവഗണിച്ചു. രാജ്യം നെഹ്റുവിനെ മാത്രം പ്രകീര്‍ത്തിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു.
? ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്. തിരിച്ചുവരാന്‍ പാര്‍ട്ടിക്ക് സാധിക്കുമോ
ബിജെപി മികച്ച ഭരണം കാഴ്ച വെച്ചാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമാകും. കോണ്‍ഗ്രസിനെപ്പോലെ പണമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തിരിച്ചുവരവ് എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: