ജീവിതത്തിന്റെ കാര്‍മുകിലിനെ ആത്മീയാകാശത്തില്‍ അലക്കിയെടുത്ത് ആഹ്ലാദവെയിലില് ഉണക്കാനിട്ട പോലുണ്ട് ആനന്ദജ്യോതിയുടെ ‘മീനായതും നീ’. എല്ലാം നീ എന്ന പൊതുതത്വത്തിനകത്തു കേറിനിന്ന് സവിശേഷമായൊരു പ്രത്യക്ഷമാകുന്നുണ്ട് ഈ കവിതാസമാഹാര ശീര്‍ഷകം.
ശ്രീനാരായണ ഗുരുവിന്റെ ദൈവശതകത്തിലെ വരികള്‍ ഓര്‍മിപ്പിക്കുന്നു മീനായതും നീ. തുടര്‍ച്ചയില്ലാതെ അനന്തമായി തുടര്‍ന്നുപോകുന്നതിന്റെ വിത്താകുന്നുണ്ടിത്.
കടലിനെ ഉള്ളിലൊതുക്കിയ പുഴപോലെ ആത്മാവില്‍ കവിത പേറിനടക്കുന്ന ആനന്ദജ്യോതിക്ക് എഴുതാനിരിക്കാനാവില്ലെന്നാകുമ്പോഴുള്ള അനിവാര്യതയാണ് അക്ഷരപ്പിറവി.
മീനായതും നീയിലെ കവിതകള്‍ക്കെല്ലാം ഈ സ്വഭാവമുണ്ട്. തബലത്താളവും മഴപ്പെയ്ത്തും ഇണചേരുന്നൊരു പ്രകൃതി രതിയുടെ ഇമ്പം ഓരോ കവിതയിലും കേള്‍ക്കുന്നുണ്ട്. ഗൃഹസ്ഥാശ്രമിയാണെങ്കിലും പതിറ്റാണ്ടുകളുടെ ആത്മീയ തപോവനവും ഗുരുശിഷ്യബന്ധത്തിന്റെ പാരസ്പര്യവും ജീവിതത്തില്‍ നൈരന്തര്യ പരിപാലനമാകുന്നതുകൊണ്ടാവണം ഇത്തരം പ്രകൃതി കവിതയുടെ കാതലാകുന്നത്.
തബലയുടെ വലംതല
കുറ്റിയില്‍ വിരലനക്കുമ്പോള്‍
(വാക്കിന്റെ പട്ടം)
ശിരസില്‍ മുങ്ങിയൊഴുകുമാരവം
തബലയുടെ പ്രളയജലരാശി
( ഒമ്പതാം സിംഫണിയുടെ സ്വരം)
തബല വാദനത്തില്‍ പണ്ടേ ഒരാശാന്‍ കൈയുള്ള ആനന്ദജ്യോതി വാക്കുകളുടെ കാല്‍ത്തളക്കിലുക്കം തബലത്താളത്തില് അറിയാനുണ്ട്. ഗണിത പ്രപഞ്ചത്തെ വാക്കിന്റെ ഛന്ദസിനാല് പിന്നെയും സൂക്ഷ്മമാക്കുന്ന ഭൈരവരാഗഗൗരവം തബല ഏറ്റെടുക്കുന്നു. മിന്നല്‍ വേഗത്തിന്റെ ഭ്രാന്താവേശമുള്ള ഫുട്ബോളും ആദിമചോദനയുടെ നൈസര്‍ഗിക ചുവടുകളുള്ള സാംബയും രണ്ടാം വീടായി ബ്രസീലിനെ കാണുന്ന ഈ കവിയുടെ ബോധ്യങ്ങളില്‍ നിറയുന്നതുകൊണ്ടാവണം ശൈവ സ്മൃതി ഗന്ധം കവിതകളില്‍ ഉയരുന്നത്.
കാട്ടുറോസ തൈലം
നിന്നുടലില്‍ ഉഴിയുന്ന
ഉടയാട ഉരിഞ്ഞ് ജലപ്പരപ്പില്‍
തിരയിളകും പോലെ
നിന്റെ സാംബ
പതഞ്ഞൊഴുകുന്നു
എന്നെഴുതുമ്പോള്‍ മനുഷ്യകുലത്തിന്റെ തുടക്കത്തിന്റെയും വളര്‍ച്ചയുടേയും ജല-വന പര്‍വങ്ങള്‍ വായനക്കാരില്‍ പുതു ചെടിപ്പുണ്ടാക്കുന്നു. തോറോയുടെ കാടകക്കയറ്റം അറിയാതെ ഓര്‍ത്തുപോകുന്നു.
മഴയുടെ നാനാവതാരങ്ങള്‍ മുഖം നോക്കുന്ന വരികള്‍ എത്രയെങ്കിലുമുണ്ട് മീനായതും നീയില്. ഭൂമി ദേവിയെ പുഷ്പിണിയാക്കുന്ന മഴപ്പെയ്ത്തിന്റെ തോര്ച്ചയില്ലായ്മയില് നിന്ന് ഒരു നനവ് വായനയിലും നിറയുന്നു.
ആവര്‍ത്തന സ്വഭാവമില്ലാതെ എപ്പോഴും കാറ്റെടുത്തു മാറിപ്പോകുന്ന മരുഭൂവിലെ മണല്പാതകള് പോലെ ആരെയും പിന്തുടരാതെ ഒറ്റവഴിയാണ് ജ്യോതിയുടെ കവിതാ രീതി. നേരെ പറയുമ്പോഴും അറിഞ്ഞുകൊണ്ട് വാക്കുകള്‍ക്കിടയില്‍ ദുരൂഹതയുടെ സമ്മര്‍ദ്ദമുണ്ടാക്കുന്ന അതിസാഹസങ്ങളില് നിന്നും രക്ഷപെടുന്നുണ്ട് ഈ കവിതകള്‍. വാക്കുകൊണ്ട് ഭാഷയെ ചെത്തിക്കൂര്പ്പിക്കുമ്പോഴും തരള സ്പര്‍ശനത്തിന്റെ മൃദുഭാവം ചില കവിതകള്‍ക്ക് അനാര്‍ഭാട നിഷ്കളങ്കതയുണ്ടാക്കുന്നു.
തത്വചിന്തയുടെ ആഴത്തില്‍ ഇറങ്ങിച്ചെല്ലാവുന്ന മീനായതും നീ എന്നൊരു മിന്നായം തന്നിട്ട് താനൊന്നുമറിഞ്ഞില്ലെന്ന പോലെ സര്‍വസാധാരണക്കാരനായി മാറി നില്‍ക്കുകയാണ് ജ്യോതിയിലെ കവി. നാലുവരി എഴുതിയാല്‍ മഹാകവിയുടെ ഭാവി ജാഗ്രത തന്റേതാണെന്ന അഹങ്കാരത്തെ ആത്മവിശ്വാസമാക്കുന്ന പൊങ്ങച്ചത്തിന്റെ ആമുഖമൊന്നും ഈ കൃതിക്കില്ല.ജ്യോതി എവിടെയിരുന്നാലും തെളിയുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: