തൃശൂര്‍: പരിശോധനയും നടപടിയും ഇല്ലാത്തതിനാല്‍ പഴങ്ങള്‍ പഴുപ്പിക്കാന്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞദിവസം ശക്തന് തമ്പുരാന് നഗര്‍ മാര്‍ക്കറ്റില്‍ ലോറിയില്‍ നിന്നും ചെറുനാരങ്ങ ഇറക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ ലോറി തടഞ്ഞിട്ടിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് എത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയില്‍ നാരങ്ങ നിറച്ച ചാക്കുകള്‍ക്കിടയില്‍ കാത്സ്യംകാര്‍ബൈഡ് കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ഈ പൊതികളും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്നും എത്തിയതായിരുന്നു ലോറി.
ഇതേ തുടര്‍ന്ന് ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഇന്നലെ ലോറിയില്‍ പരിശോധന നടത്തി. നാരങ്ങാ സാമ്പിളുകള്‍ കാക്കനാട്ടെ ലബോറട്ടറിയിലെത്തിച്ച് പരിശോധിക്കുമെന്നും കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സര്‍ക്കിളുകളിലെ ഫുഡ്സേഫ്റ്റി ഓഫീസര്‍മാരായ വി.എന്‍.അശോകന് (തൃശൂര്‍), ജോര്‍ജ്ജ് വര്‍ഗ്ഗീസ് (കുന്നംകുളം), ജി.ജയശ്രീ (ചാവക്കാട്), മോഹന്‍ദാസ് (ഒല്ലൂര്‍), അനിലന്‍ (ഇരിങ്ങാലക്കുട) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലുള്ള ലോറി പരിശോധനക്കെത്തിയത്. ചെറുനാരങ്ങ പഴുപ്പിച്ച് സ്വര്‍ണനിറം വരുത്തുന്നതിനാണ് കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത്. ഇത് നിരോധിച്ചതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. പഴങ്ങളില്‍ കളര്‍ വരുത്തുന്നതിനും പഴുപ്പിക്കുന്നതിനും വ്യാപകമായി കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ഇതുപയോഗിക്കുന്നത് അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് തൃശൂരിലെ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി.എന്‍.അശോകന് പറഞ്ഞു.
ഏതാനും മാസം മുന്‍പ് ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മാങ്ങ പഴുക്കാനും നിറം വരാനും കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന നിലച്ചതോടെ നിയമലംഘനം ഏറുന്നുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം തെളിയിക്കുന്നത്. ചെറുനാരങ്ങയില്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്തിയത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: