പാലക്കാട്: തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമേല്‍ കൈവെക്കുന്ന സര്‍ക്കാര്‍നയത്തിനെതിരെ ശക്തമായ പ്രതിഷേധം. വ്യത്യസ്ത സംഘടനകളുടെ കൊടിക്കൂറയ്‌ക്കു പിന്നില്‍ അണിനിരന്ന തൊഴിലാളികള്‍ ‘അവകാശങ്ങളില്‍ തൊട്ടുകളിച്ചാല്‍ തങ്ങള്‍ ഒന്നാണെന്ന്’ ഒരേ ശബ്ദത്തില്‍ പ്രഖ്യാപിച്ചു.
പണിയെടുത്ത് ജീവിക്കുന്നവന്റെ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കുന്ന തൊഴില്‍നിയമഭേദഗതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും പാര്‍ലമെന്റിലും രാജ്ഭവനിലും രാജ്യത്തെമ്പാടും നടക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാലക്കാട് നഗരത്തിലും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍,ബാങ്ക്, ഇന്‍ഷുറന്‍സ്, ഡിഫന്‍സ്, റെയില്‍വേ, കേന്ദ്ര-സംസ്ഥാനജീവനക്കാര്‍ തുടങ്ങി നാനാമേഖലയിലുമുള്ളവരും സ്വന്തം ബാനറിനു കീഴില്‍ അണിനിരന്നു.
വിക്‌ടോറിയ കോളേജിനു സമീപം നൂറടിറോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ നേതാക്കള്‍, തുടര്‍ന്ന് ഐഎന്‍ടിയുസി, കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍, ബിഎംഎസ്, സിഐടിയു എന്നിങ്ങനെയായിരുന്നു പ്രകടനത്തെ ക്രമീകരിച്ചത്. എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിഐ, ടിയുസിസി, എഞഎല്‍സി, കെടിയുസി, ഐഎന്‍എല്‍സി, കെടിയുസി(എസ്), എസ്ഇഡബ്യുഎ, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അണിനിരന്നു.
കോട്ടമൈതാനിയില്‍ ചേര്‍ന്ന പൊതുയോഗം സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എം എ മുസ്തഫ(എസ്ടിയു)അധ്യക്ഷനായി. കെ അപ്പു (ഐഎന്‍ടിയുസി), വിജയന്‍ കുനിശേരി(എഐടിയുസി), അബ്ദുള്‍ അസീസ്(എഐയുടിയുസി), രാമചന്ദ്രന്‍(എച്ച്എംഎസ്) എന്നിവര്‍ സംസാരിച്ചു. ടി എം നാരായണന്‍(ബിഎംഎസ്)സ്വാഗതവും ടി കെ അച്യുതന്‍(സിഐടിയു) നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: