തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.90 കോടി രൂപ നഷ്ടപരിഹാരം. തിരുവനന്തപുരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ഇന്‍ഷ്വറന്‍സ് കമ്പനിയും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സിഇഒ കെ. കൃഷ്ണമൂര്‍ത്തി റാവു ഇന്നു രാവിലെ 9.30ന് ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി പണം നേരിട്ടുകൈമാറും. സംസ്ഥാനത്തു വാഹനാപകടത്തില്‍ ഏറ്റവും അധികം നഷ്ടപരിഹാരം ലഭിക്കുന്ന കേസാണ് ജഗതിയുടേത്.
അപകടത്തെത്തുടര്‍ന്നു ഭാര്യ ശോഭാ ശ്രീകുമാര്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരായ അഡ്വ. എ. അബ്ദുല്‍ കരീം, അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ. സജ്ജാദ് കരീം, അഡ്വ. സമീര്‍ കരീം, അഡ്വ. അലി നാസറുദ്ദീന്‍, അഡ്വ. പ്രതീഷ് എന്നിവര്‍ മുഖേന തിരുവനന്തപുരം മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് ഒത്തുതീര്‍പ്പായത്. ആദ്യം 10 കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതു പിന്നീട് ഭേദഗതി വരുത്തി 13 കോടി രൂപയാക്കി. കേസിന്റെ വിചാരണ നടന്നുവരവെ കഴിഞ്ഞ മാസം 27 ന് ജഗതിയുടേയും ഇന്‍ഷ്വറന്‍സ് കമ്പനിയുടേയും അഭിഭാഷകര്‍ നടത്തിയ ചര്‍ച്ചയിലാണ് 5.90 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.
വാഹനയുടമ അനില്‍കുമാറിനെ ഒന്നാംപ്രതിയാക്കിയും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയെ രണ്ടാംപ്രതിയുമാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്. തുടര്‍ന്നു ജഗതിയുടെ ഭാര്യയെ വിസ്തരിക്കുകയും തുകയില്‍ ഭേദഗതി വരുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എട്ടംഗ വിദഗ്ധ സംഘം ജഗതിയെ പരിശോധിച്ച് ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടെയാണ് ഇരുവിഭാഗത്തേയും അഭിഭാഷകര്‍ തമ്മില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.
2012 മാര്‍ച്ച് 10ന് ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിനു സമീപം പാണമ്പ്ര വളവില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറിയാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറായിരുന്നു അപകട കാരണം. പുലര്‍ച്ചെ 4.45നായിരുന്നു അപകടം.
മുന്‍സീറ്റിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തന്നെ തെറിച്ചുവീഴുകയായിരുന്നു. വയറിനും ശ്വാസകോശത്തിനും വാരിയെല്ലിനും തുടയെല്ലിനും ക്ഷതമേറ്റു. കൈത്തണ്ടയുടെ എല്ലുകളും പൊട്ടി. ജഗതി ശ്രീകുമാറിനെയും ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പി.പി. അനില്‍ കുമാറിനെയും ഓടിയെത്തിയ നാട്ടുകാരാണു പുറത്തെടുത്തത്. അനില്‍കുമാറിനും സാരമായ പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: