ശബരിമല: മുംബൈ തീവ്രവാദി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന എന്‍എസ്ജി കമാന്‍ഡോ പി.വി. മനേഷ് ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായിമരക്കൂട്ടത്ത് നിന്ന് നടന്നാണ് സന്നിധാനത്തെത്തിയത്. സുഹൃത്തുക്കളുടെയും കമാന്‍ഡോകളുടെയും സഹായത്തോടെ പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തെത്തിയ മനേഷ് അയ്യപ്പനെ ദര്‍ശിച്ച് മനം നിറഞ്ഞ് പ്രാര്‍ത്ഥിച്ചു.
സന്നിധാനത്തെത്തുമ്പോള്‍ എല്ലാവിഷമങ്ങളും മറക്കുന്നുവെന്ന് മനേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവിടെയെത്തുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെകുറിച്ച് ഒന്നും ഓര്‍ക്കാറില്ല, താനും മറ്റുള്ളവരെ പോലെയാണെന്ന തോന്നലാണുള്ളത്. അയ്യപ്പന്റെ അനുഗ്രഹവും മറ്റുള്ളവരുടെ സ്‌നേഹവും കൊണ്ട് മരക്കൂട്ടം മുതല്‍ സന്നിധാനം വരെ നടക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളിലും സന്നിധാനത്തെത്താന്‍ അയ്യപ്പന്‍ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷയെന്നും മനേഷ് പറഞ്ഞു.
കാടാമ്പുഴ, ഗുരുവായൂര്‍, തൃപ്രയാര്‍ , കൊടുങ്ങല്ലൂര്‍, എന്നിവിടങ്ങളില്‍ തൊഴുത ശേഷമാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ മനേഷ് സന്നിധാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: