എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏക ആശ്രയമായ എരുമേലി കെഎസ്ആര്‍ടിസി ശൗചാലയം ദുര്‍ഗന്ധപൂരിതം. പ്രാഥമികാവശ്യം നിറവേറ്റാന്‍ മൂക്കുപൊത്തിപ്പോലും അകത്തു കടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണിത്. ശൗചാലയ ശുചീകരണത്തിനായി ആളെ നിയമിച്ചിട്ടുണ്ടെങ്കിലും യഥാസമയം വൃത്തിയാക്കല്‍ നടക്കാറില്ലെന്നാണ് പറയുന്നത്.
കെഎസ്ആര്‍ടിസി സെന്ററില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചുനല്‍കിയ ശൗചാലയം ഏറെ വഴക്കടിച്ചതിനുശേഷമാണ് കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. എന്നാല്‍ ശൗചാലയം ലേലം ചെയ്തുകൊടുക്കാനോ വൃത്തിയാക്കി സൂക്ഷിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിലെ ചെളിയുമായി കയറുന്നവര്‍ക്ക് കാലുകഴുകാനും ഇവിടെ വെള്ളമില്ല. ചെളി നിറഞ്ഞ ശൗചാലയത്തില്‍ ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ തീര്‍ത്ഥാടകരും യാത്രക്കാരും ദുരിതത്തിലാണ്. ഇതിനിടെ ശൗചാലയത്തിലേക്കുള്ള വഴിയടച്ച് ബൈക്കുകള്‍ നിരത്തി വയ്ക്കുന്നതോടെ ശൗചാലയം തന്നെ കാണാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശൗചാലയം അടിയന്തരമായി ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഓരുങ്കല്‍ കടവില്‍ വെളിച്ചമില്ല; തീര്‍ത്ഥാടകര്‍ ഇരുട്ടില്‍
എരുമേലി: ദിവസേന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കാനെത്തുന്ന ഓരുങ്കല്‍ കടവിലെ പാലത്തിനക്കരെ വെളിച്ചമില്ല. കുറുവാമൂഴി – എരുമേലി പ്രധാന പാതയുടെ സമാന്തര പാതകൂടിയായ ഓരുങ്കല്‍ കടവിലെ പാലത്തിനക്കരെ വെളിച്ചമില്ലാത്തതാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പാലത്തിനക്കരെ കാഞ്ഞിരപ്പള്ളി പഞ്ചായത്താണെങ്കിലും വെളിച്ചം സ്ഥാപിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എരുമേലി പഞ്ചായത്തധികൃതര്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും അക്കരെ ഭാഗം ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കുഴല്‍ കിണര്‍
അപകടക്കെണിയാകുന്നു
മുക്കൂട്ടുതറ: ശബരിമല തീര്‍ത്ഥാടനപാതയായ എരുമേലി- പമ്പാവാലി പാതയില്‍ മുട്ടപ്പള്ളിയില്‍ റോഡരികില്‍ ഉപയോഗശൂന്യമായ കുഴല്‍കിണര്‍ അപകടക്കെണിയാകുന്നതായി പരാതി.
അപകടമൊഴിവാക്കാന്‍ കുഴല്‍കിണറിനു ചുറ്റും കല്ലുകളും കൊടികളും കെട്ടിവച്ചാണ് നാട്ടുകാര്‍ യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് സുരക്ഷ ഉറപ്പാക്കുന്നത്. റോഡ് വീതികൂട്ടിയ സാഹചര്യത്തില്‍ കുഴല്‍ കിണര്‍ റോഡിലെ ടാറിങിനു തൊട്ടരികിലായി വന്നുചേരുകയായിരുന്നു. ഉപയോഗശൂന്യമായ കുഴല്‍ കിണര്‍ നികത്തുന്നതിന് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: