പൊങ്കാല അര്‍പ്പിക്കുന്നതിനായി ക്ഷേത്രത്തില്‍ കാലേകൂട്ടി എത്തിയ ഭക്ത സഹസ്രങ്ങള്‍
തലവടി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെ പ്രീതിക്കായി ലക്ഷോപലക്ഷം ഭക്തര്‍ ചക്കുളത്ത്കാവില്‍ പൊങ്കാല അര്‍പ്പിച്ചു.
സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ചക്കുളത്തുക്കാവില്‍ പൊങ്കാല അര്‍പ്പിക്കാനായി കേരളത്തിനകത്തും പുറത്തുനിന്നുമായി 15 ലക്ഷത്തോളം ഭക്തരാണെത്തിയിരുന്നത്.
രാവിലെ 8.30 ന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടന്നു. ഒമ്പതിന് പൊങ്കാലയ്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകര്‍ന്നു.
11 ന് 500 ലധികം വേദപണ്ഡിതന്മാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തരുടെ പൊങ്കാല നേദിച്ചു.
ക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19 നാണ് നാരീപൂജ.
ഇന്നലെ തന്നെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലുമായി വ്രതവിശുദ്ധിയിലെത്തിയ സത്രീകള്‍ ഇടംപിടിച്ചിരുന്നു.
ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കൈയില്‍ പൂജാ ദ്രവ്യങ്ങളും നാവില്‍ ദേവീസ്തുതികളുമായി സ്ത്രീകള്‍ അണമുറിയാതെ നിറഞ്ഞപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് ക്ഷേത്രം വേദിയായത്.
കഴിഞ്ഞ രണ്ടു ദിവസമായി ജാതിമതഭേദമില്ലാതെ പൊങ്കാലയില്‍ പങ്കെുകൊള്ളാന് സ്ത്രീകളുടെ അഭേദ്യമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ക്ഷേത്ര പരിസരങ്ങളിലും സമീപ പ്രദേശങ്ങളില്‍ പ്രധാന വീഥികളിലും പൊങ്കാലയ്ക്ക് എത്തിയവര്‍ ഇടം പിടിച്ചു.
സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്ന് സ്ഥിരം സര്‍വീസിനു പുറമെ താത്ക്കാലിക സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഭക്തര്‍ ട്രെയിന്‍ ഗതാഗതമാണ് കൂടുതലായി ആശ്രയിച്ചത്.
ജലഗതാഗതകുപ്പ് സ്പെഷ്യല്‍ ബോട്ട് സര്‍വീസ് സജ്ജീകരിച്ചിരുന്നു. അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി ഒരുക്കിയിരുന്നത്. പതിനായിരം വാളന്റിയേഴ്സിന്റെയും 2500 പോലീസിന്റെയും സേവനമാണ് ലഭ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: