വി.ആര്. കൃഷ്ണയ്യര്‍ 1914-2014
കൊച്ചി: നൂറിന്റെ നിറവിലെത്തിയ, നീതിയുടെ പ്രകാശഗോപുരമായിരുന്ന ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ പോരാട്ടത്തിന്റെ കനല്വഴികളൊഴിഞ്ഞു. രാജ്യം കണ്ട ഏറ്റവും മികച്ച ജഡ്ജിമാരില്‍ ഒരാളും പ്രഗല്ഭ നിയമജ്ഞനുമായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു ലോകത്തോട് വിടപറഞ്ഞത്.
നവംബര്‍ പതിനഞ്ചിന് നൂറു വയസ് തികഞ്ഞ കൃഷ്ണയ്യരെ പത്തു ദിവസം മുമ്പാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സദ്ഗമയയില്‍ എത്തിക്കുന്ന മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം വൈകിട്ട് 6ന് രവിപുരം ശ്മശാനത്തില്‍ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കാന്‍ അക്ഷീണം പോരാടിയ അദ്ദേഹത്തിന്റെ മരണം രാഷ്ട്രത്തിനു തന്നെ കനത്ത നഷ്ടമാണ്. വിയോഗവാര്‍ത്തയറിഞ്ഞ് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ കോടതികള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഇന്നലെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും വസതിയായ സദ്ഗമയയിലേക്കും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഒഴുകിയെത്തി.
സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന പരേതയായ ശാരദ കൃഷ്ണയ്യരാണ് ഭാര്യ. ഇവര്‍ 1974ലാണ് അന്തരിച്ചത്. മക്കള്‍: രമേശ് കൃഷ്ണയ്യര്‍, പരമേശ്വര്‍ കൃഷ്ണയ്യര്‍. മരണസമയത്ത് ഇളയമകന് പരമേശ്വര്‍ കൃഷ്ണയ്യരും ഭാര്യയും സമീപത്തുണ്ടായിരുന്നു. അമേരിക്കയില്‍ നിന്ന് മൂത്തമകന് രമേശ് കൃഷ്ണയ്യര്‍ ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തും.
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് നവംബര്‍ 24 ന് കൃഷ്ണയ്യരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ന്യുമോണിയ ബാധിക്കുകയും വൃക്കക്ക് തകരാര്‍ ഉണ്ടാകുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്നലെ ഉച്ചയോടെ വഷളാകുകയും മൂന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
റിട്ട. ജസ്റ്റിസ് പത്മവിഭൂഷണ്‍ വൈദ്യനാഥപുരം കൃഷ്ണയ്യര്‍ രാമയ്യര് (വി.ആര്. കൃഷ്ണയ്യര്‍) പാലക്കാട് ശേഖരീപുരത്ത് അഭിഭാഷകനായ വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായി 1914 നവംബര്‍ 15നാണ് ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല സര്‍വകലാശാലയില്‍ നിന്ന് ബിഎയും ജയിച്ച അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. അച്ഛന്റെ പാത പിന്തുടര്ന്ന് അഭിഭാഷകനായി.
1938ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി നിയമജീവിതം ആരംഭിച്ച കൃഷ്ണയ്യര്‍ പിന്നീട് രാജ്യം കണ്ട മികച്ച ന്യായാധിപന്മാരില് ഒരാളായി. പിന്നീട് രാജ്യത്തെ രാഷ്ട്രീയ, ഭരണ, നിയമ രംഗങ്ങളില്‍ തിളങ്ങുന്ന നക്ഷത്രമായി.
1957ല്‍ തലശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇഎംഎസിന്റെ നേതൃത്വത്തിലുള്ള, ഭാരതത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിയമ മന്ത്രിയായി. പിന്നീട് 68ല്‍ കേരള ഹൈക്കോടതിയിലും 73 ല്‍ സുപ്രീംകോടതിയിലും ജഡ്ജിയായി.
1980 നവംബര്‍ 14ന് വിരമിച്ച ശേഷവും ജനകീയ പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കൃഷ്ണയ്യരെ 1999ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
വിശ്രമജീവിതത്തിലും നിയമത്തിന്റെ ജനകീയ മുഖമായിരുന്നു കൃഷ്ണയ്യര്‍. വിദേശരാജ്യങ്ങള്‍ പോലും കൃഷ്ണയ്യരുടെ വിധിന്യായങ്ങള്‍ മാതൃകയാക്കിയത് അദ്ദേഹത്തിന്റെ ഉദാത്തമായ വ്യക്തിത്വത്തിന് ദൃഷ്ടാന്തമായി.
ഭരണരംഗത്തും കൃഷ്ണയ്യര്‍ വേറിട്ട വ്യക്തിത്വമായിരുന്നു. 1952ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലെത്തി. 1957ല്‍ ഐക്യകേരളത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തി. ഇഎംഎസ് മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്. വെങ്കട്ടരാമനെതിരെ മത്സരിച്ചു.
ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇവയില്‍ പലതും അമൂല്യങ്ങളായ നിയമഗ്രന്ഥങ്ങളാണ്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്’ ആണ് ആത്മകഥ. വിവിധ സര്‍വ്വകലാശാലകളുടെ ഡോക്ടറേറ്റുകളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: