പുനലൂര്‍: കേരളത്തിലെ ആദ്യപ്രകൃതിദത്ത ടൂറിസം പദ്ധതിയായ തെന്മല ഇക്കോടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ സെപ്തംബറിലെത്തിയ രണ്ടു യാത്രാബോട്ടുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും.
തെന്മല ഇക്കോടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുള്ള മയൂര (ആംഫിതീയറ്റര്‍) ത്തില്‍ വച്ചാണ് ഉദ്ഘാടനം. അഡ്വ.കെ.രാജു എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.ആര്.വിജയകുമാര്‍, വി.സുഭാഷ്, കരിക്കത്തില്‍ പ്രസേനന്‍, ഏരൂര്‍ സുഭാഷ്, സണ്ണി ജോസഫ്, ഇടമണ്‍ റബി തുടങ്ങിയവര്‍ സംസാരിക്കും.
തെന്മല പരപ്പാര്ഡാം റിസര്‍വേയറില്‍ നേരത്തെ മൂന്ന് ബോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കവും സാങ്കേതികതകരാറുകള്മൂലവും മൂന്നും നശിച്ചു. ഇവിടെ ബോട്ടിംഗ് നിലച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ബോട്ടിംഗിനായി രണ്ട് യാത്രാബോട്ടുകള്‍ എത്തിയെങ്കിലും ഉദ്ഘാടനം പലകുറി മാറ്റിവെക്കുകയായിരുന്നു. ഇവിടെ പശ്ചിമഘട്ട മലനിരകളുടെ വനഭംഗി ആസ്വദിക്കാനും ശെന്തരുണി വനത്തിലെ വന്യജീവി സങ്കേതങ്ങളിലെ മാന്‍, കാട്ടുപോത്ത്, കേഴ തുടങ്ങിയ വന്യജീവികളെ കാണാനും കഴിയും.
ശെന്തരുണി വന്യജീവി സങ്കേതത്തില്‍ മുമ്പ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോട്ടുയാത്രയാണ് ഉണ്ടായിരുന്നത്. ഇക്കുറി ഒരു മണിക്കൂര്‍ യാത്രയ്ക്ക് 210 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് പ്രായപൂര്‍ത്തിയായവര്‍ക്ക് അമ്പതും കുട്ടികള്‍ക്ക് മുപ്പതും രൂപയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ ഒരു യാത്രാബോട്ടുകൂടി ഇവിടെ എത്തുമെന്നും ഇക്കോടൂറിസം അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: