പത്തനാപുരം: പ്രതിഷേധങ്ങളും നിവേദനങ്ങളും ഫലം കണ്ടു. ഒടുവില്‍ ഗ്രാമപഞ്ചായത്തിന്റെ മനംമാറി. കല്ലുകടവ് കേന്ദ്രമാക്കി ശബരിമല തീര്‍ത്ഥാടകര്‍ക്കായി താല്‍ക്കാലിക ഇടത്താവളത്തിനായുള്ള നിര്‍മ്മാണം ആരംഭിച്ചു.
അടിയന്തിരമായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി പന്തല്‍ കെട്ടയുള്ള നിര്‍മ്മാണം ആരംഭിച്ചത്.
കൂടാതെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ കുടിവെള്ള സൗകര്യം, വെളിച്ചം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഇനിയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദിവസവും പത്തനാപുരം വഴി കടന്നുപോകുന്നത്. ഇവര്‍ക്ക് വിരിവയ്ക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഇടത്താവളം നിര്‍മ്മിക്കണമെന്ന ആവശ്യത്തോട് ഗ്രാമപഞ്ചായത്ത് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചുവന്നിരുന്നത്.
വര്‍ഷാവര്‍ഷം ഇടത്താവളത്തിനായി 10 ലക്ഷം വീതം വകയിരുത്താറുണ്ടെങ്കിലും പണം വകമാറ്റി ചിലവഴിക്കുന്ന രീതിയാണ് നടക്കുന്നത്. നിലവില്‍ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കല്ലുകടവ് കേന്ദ്രമാക്കി ഹെല്പ് ഡസ്കിന്റെ പ്രവര്‍ത്തനവും സൗജന്യചുക്കുകാപ്പി വിതരണവും നടന്നുവരുന്നു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഉടന്‍ ഉറപ്പാക്കണമെന്ന് അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: