പനത്തടി: ബളാംതോട് ഗവര്‍മെന്റ് ഹയര്‍സെക്കന്റി സ്കൂള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചു. ബളാംതോട് ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.ജോസിനെയാണ് പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം സ്കൂള്‍ ഓഫീസില്‍ തടഞ്ഞുവച്ചത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കാവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്കിയ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഉപരോധം. ഒന്നരമാസമായി അവധിയിലായിരുന്ന പ്രിന്‍സിപ്പാള്‍ കഴിഞ്ഞ ആഴ്ച്ചയാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്കിയ ഒന്നരലക്ഷം രൂപ ട്രഷറിയില്‍ നിന്നും കൈപറ്റിയ ശേഷം പ്യൂണ്‍ മുഖാന്തിരം സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒന്നരലക്ഷം രൂപ ഒരുമിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവാത്തതിനാല്‍ 45,000 രൂപ നിക്ഷേപിച്ച് ബാക്കി തുക കയ്യില്‍ വെച്ചു. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ പ്യൂണിന് 2,000 രൂപ കൈക്കൂലിയായി നല്‍കിയെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഉപകരണങ്ങള്‍ വാങ്ങാനായി സര്‍ക്കാര്‍ നല്കുന്ന പണം കൈകാര്യം ചെയ്യാന്‍ പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ്, സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകര്‍ എന്നിവരുള്‍പെടുന്ന കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു. എന്നാല്‍ പ്രിന്‍സിപ്പാള്‍ ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജരേഖകള്‍ നിര്‍മ്മിച്ചാണ് ട്രഷറിയില്‍ നിന്നും പണം കൈപറ്റിയതെന്ന് പറയുന്നു. പ്രിന്‍സിപ്പാള്‍ കൃത്യമായി ജോലിക്ക് ഹാജരാവാറില്ലെന്നും, സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാറില്ലെന്നും പിടിഎ അംഗങ്ങള്‍ പറയുന്നു.
ബളാംതോട് ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആകെയുള്ളത് ആറ് സ്ഥിരം ജീവനക്കാരാണ്. അതില്‍ നാലുപേരും സ്ത്രീകളാണ്. സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാകാത്തതിനാല്‍ മറ്റ് അധ്യാപകര്‍ക്ക് അധിക ജോലിയെടുക്കേണ്ടതായി വരുന്നു.
സ്കൂളില്‍ പുസ്തകം വാങ്ങാനായി പിരിച്ചെടുത്ത 1,45,000 രൂപ പ്രിന്‍സിപ്പല്‍ കൈവശം വച്ചിരിക്കുകയാണെന്നും ഇനിയും അടക്കാന്‍ വൈകിയാല്‍ അടുത്തവര്‍ഷം പുതിയ പാഠപുസ്തകങ്ങള്‍ ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അവധിയില്‍ പോകുമ്പോള്‍ താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് പകരം അധ്യാപികയെ നിയമിക്കാറുണ്ടെന്നും പിടിഎ അംഗങ്ങള്‍ക്ക് തന്നോടുള്ള വിരോധം മൂലമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.
മുമ്പും പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ തടഞ്ഞുവച്ചിരുന്നു. നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു പിടിഎ ഭാരവാഹികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചത്. അന്ന് നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ മൂന്നുമാസത്തിനുശേഷവും നടപടിയാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും തടഞ്ഞുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: