സൗമ്യമയായ കരുത്ത് കൈമുതലാക്കി സമൂഹത്തിന്റെ സമസ്ത മേഖലകളിലും വമ്പന്‍ പോരാളിയായി ഭാരതമെന്ന ചിന്തയെന്നാല്‍ സാധാരണക്കാരെപ്പറ്റിയുള്ള ചിന്തയായിരിക്കണമെന്നു സ്ഥാപിച്ചുറപ്പിച്ച കര്‍മ്മയോഗിയായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍.
ഭരണാധിപനെന്ന നിലയിലും ന്യായാധിപനെന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകളും തീഷ്ണമായ സാമൂഹ്യവിമര്‍ശനങ്ങളും സാമൂഹ്യ നീതിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് എക്കാലവും രക്ഷാകവചങ്ങള്‍ തീര്ത്തുനല്കിയിട്ടുണ്ട്. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഭൗതികതയിലൂന്നിയ ഫിലോസഫിക്കല്‍ കാഴ്ചപ്പാട് കത്തിജ്വലിച്ചുനിന്നെങ്കിലും പിന്നീടത് ഭൗതികതയും ആത്മീയതയും സമഞ്ജസപ്പെട്ടുനീങ്ങുമ്പോഴാണ് പൂര്ണ്ണതയിലെത്തുകയെന്ന സത്യം കൃഷ്ണയ്യര്‍ സ്വയം ബോധ്യപ്പെട്ട് ഉറക്കെ പറഞ്ഞിരുന്നു.
അനീതിക്കെതിരായ ധൈഷണിക ഏറ്റുമുട്ടലായിരുന്നു കൃഷ്ണയ്യര്‍ എന്ന യോദ്ധാവിന്റെ മുഖമുദ്ര. എഴുത്തിലും പ്രസംഗത്തിലും പ്രവൃത്തിയിലും സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള സത്താപരമായ ശ്രേണി സൃഷ്ടിക്കാനും സംരക്ഷിക്കാനും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.
ദ്രുതമായി കാര്യങ്ങള്‍ സ്വാംശീകരിക്കാനും തീരുമാനങ്ങള്‍ എടുത്തു പ്രവര്‍ത്തിക്കാനുമുള്ള അനിതരസാധാരണമായ കഴിവ് കൃഷ്ണയ്യര്ക്കുണ്ടായിരുന്നു. ജീവിതത്തിന്റെ ഉത്ഥാനപതനങ്ങള്‍ വിലയിരുത്തിയ ഗവേഷണചാതുര്യമുള്ള ഈ ദാര്ശനികന് വീഴ്ചക്കും ഉയര്‍ച്ചയ്ക്കും ഭൗതികമായ കാരണങ്ങളേക്കാള്‍ ആത്മീയതയിലൂന്നിയ പ്രതിഭാസങ്ങള്‍ നിമിത്തങ്ങളാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ന്യായാധിപസ്ഥാനത്തുനിന്നും വിരമിച്ചശേഷം സജീവമായി പൊതുപ്രവര്ത്തനത്തിറങ്ങിയ ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം ആത്മീയതയിലൂന്നിയ സ്വയം കാണലും കാണിക്കലുമായിരുന്നു.
രാജനൈതിക രംഗത്തായാലും നിയമരംഗത്തായാലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ സ്വയം കാഴ്ചയിലൂടെ സ്വാംശീകരിച്ച് നാടിന്റെ ഗുണത്തിനായി ക്രമീകരിക്കാന്‍ പ്രത്യേക വിരുത് കാട്ടിയ വിസ്മയ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. ശരിയെന്ന് തനിക്ക് ബോദ്ധ്യപ്പെട്ട കാര്യങ്ങളെ ഉറപ്പിച്ചുപറയാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചെയ്ത നല്ല കാര്യങ്ങളെ തുറന്ന് പ്രകീര്‍ത്തിക്കാനും വികസന നായകനാക്കി സ്വാഗതം ചെയ്യാനും കൃഷ്ണയ്യര്‍ മുന്നോട്ടുവന്നത് വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്ദ്ദേശിക്കപ്പെടുന്നതിനും വളരെ മുമ്പു തന്നെ നരേന്ദ്ര മോദി കൃഷ്ണയ്യരുടെ അനുഗ്രഹം തേടി കൊച്ചിയിലെ സദ്ഗമയിലെത്തിയിരുന്നു.
ഈ സന്ദര്‍ശനത്തെ തുറന്നെതിര്ത്തവരില് ”സ്വാമിയുടെ ” വീട്ടിലെ ധാരാളം അടുപ്പക്കാരും ആത്മമിത്രങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് അദ്ദേഹം നരേന്ദ്ര മോദിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ആ കൂടിക്കാഴ്ചയിലും സംഭാഷണത്തിലും ഇരുവരെയും കൂടാതെ പങ്കാളിയാകാന്‍ സാധിച്ച ഏക ഭാഗ്യവാന് ഈ ലേഖകനാണ്. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇരുകൈകളും തലയില്‍വെച്ച് നരേന്ദ്ര മോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാവട്ടെ എന്നനുഗ്രഹിക്കുന്ന ധന്യമുഹൂര്‍ത്തം വാര്ത്തയാവാതിരിക്കണമെന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം.
അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് സദ്ഗമയിലേക്ക് കടന്നുവരാന്‍ അനുമതി ഉണ്ടായിരുന്നില്ല. കൃഷ്ണയ്യര്‍ എന്ന യുഗ പുരുഷന് തിരിച്ച സമൂഹചക്രത്തിന്റെ പൂര്‍ണ്ണതാ നാളുകളില്‍ ഭാരതീയ സംസ്കാരത്തിലും ദേശീയതയിലുമാണ് അദ്ദേഹം വിരാമംകണ്ടെത്തിയതെന്ന സത്യം വരുംനാളുകളില്‍ കൂടുതല്‍ രേഖപ്പെടുത്തുമെന്നുറപ്പാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിനെ സ്വയം സ്വീകരിക്കാനും ഇഴപിരിയാത്ത ബന്ധം സ്ഥാപിക്കാനും ജസ്റ്റിസ് കൃഷ്ണയ്യര്‍ മുന്നോട്ടുവന്നതും ആഴത്തില്‍ കാലം വിലയിരുത്തേണ്ടതുണ്ട്.
രാഷ്ട്രീയ നേതാവ്, വാഗ്മി, എഴുത്തുകാരന്, നിയമ രംഗത്തെ മനീഷി, നീതിന്യായ രംഗത്തെ കുലപതി, മനുഷ്യാവകാശ രംഗത്തെ തേരാളി, മികച്ച ഭരണാധികാരി, ഉജ്ജ്വല പോരാളി എന്നീ നിലകളില്‍ കൈവെച്ച രംഗങ്ങളിലെല്ലാം ജസ്റ്റിസ് കൃഷ്ണയ്യര്‍ വിജയശ്രീലാളിതനായ ഒന്നാമനാണ്.
ഇടതുപക്ഷ സഹയാത്രികനായി പൊതുരംഗത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം ആര്‍ഷ സംസ്കാരത്തിന്റെ അകത്തളങ്ങളില്‍ അഭിരമിക്കുന്ന ശുഭാപ്തി വിശ്വാസിയായ ഭാരതീയനായിരുന്നു.
അന്ധകാരത്തിന്റെ രൂപമായ രാവിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും അതവസാനിപ്പിച്ച് പുലര്‍കാലം പടി കയറാന്‍ എപ്പോഴും വീടിന്റെയും ഹൃദയത്തിന്റെയും കവാടങ്ങള്‍ തുറന്നിട്ട് കാത്തിരിക്കുകയായിരുന്നു ഈ മഹാനെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു.
നിയമത്തിന്റെ നിണഗാഥക്കെതിരെ ജനകീയ വ്യാഖ്യാനം വഴി പുത്തന്സരണി വെട്ടിത്തെളിയിച്ച ന്യായാധിപന് കൂടിയാണ് ഇദ്ദേഹം. പാവങ്ങളോട് ഇഴയടുപ്പവും ഇണക്കവുമുള്ള മനസ്സിന്റെ ഉടമയായിരുന്നു കൃഷ്ണയ്യര്‍. ആരെയും അവമതിക്കാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി പദധാരാളിത്തത്തോടെ സത്താവിജ്ഞാനം നിയമരംഗത്ത് അദ്ദേഹം വാരി വിതറുകയായിരുന്നു.
ന്യായാധിപന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചരിത്രം ഒരിക്കലും മറക്കില്ല. നിയമത്തിന്റെയും ന്യായാസനങ്ങളുടെയും ചട്ടങ്ങളുടെയും പാരമ്പര്യ ചട്ടക്കൂട്ട് ലംഘിക്കാതെ തന്നെ അവയ്ക്കൊക്കെ മനുഷ്യമുഖം നല്കി പുനരാവിഷ്ക്കരിക്കാന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത സുപ്രിംകോടതി ജഡ്ജിയായിചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശ്വവിഖ്യാത നിയമജ്ഞരായി ലോകം അംഗീകരിച്ച ഇംഗ്ലണ്ടിലെ ലോര്‍ഡ് ഡെന്നീസിനും അമേരിക്കയിലെ ഏള്വാറഗനുമൊപ്പം സ്ഥാനമുറവപ്പിക്കാനായ ഇന്ത്യയിലെ ഏക ന്യായാധിപന് എന്ന ബഹുമതിയും കൃഷ്ണയ്യര്ക്കുള്ളതാണ്.
”കള്ളനിലും ദുഷ്ടനിലുമൊക്കെ ഒളിഞ്ഞുകിടക്കുന്ന ഒരു മനുഷ്യനുണ്ട്. അവരുടെയും ആകാശം ഏകാകിയുടേതാണ്. അവര്‍ നമുക്കന്യരല്ല” എന്നു കവി പാടിയിട്ടിട്ടുണ്ട്. ”കുറ്റത്തെ വെറുക്കൂ. കുറ്റവാളിയെ വെറുക്കാതിരിക്കൂ” എന്ന് പഠിപ്പിച്ച ഗാന്ധിജിയാണ് കോടതിമുറി അലങ്കരിക്കുന്ന ഏകമാതൃക.
പക്ഷേ ഇതൊന്നും ഉള്ളിലേക്ക് കടത്തിവിടാത്തവരുടെ നാടാണ് നമ്മുടേത്. അവിടെ ഗാന്ധിജിയുടെ അടിസ്ഥാനതത്വം നെഞ്ചിലേറ്റിയ ഒരു ന്യായാധിപനായിരുന്നു.കൃഷ്ണയ്യര്‍. സുരക്ഷയും സ്വാതന്ത്ര്യവും നീതിയും ലഭിക്കുന്നവര്ക്കുവേണ്ടി ജീവിക്കുകയും അശാന്തിയുടെ നോവാണ് തന്റെ സ്ഥായിഭാവമെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്ത ഒരു മഹാന്റെ തിരോധാനമാണ് കൃഷ്ണയ്യരുടെ വേര്‍പാട് രേഖപ്പെടുത്തുന്നത്.
യജ്ഞവേദികള്ക്കുചുറ്റും ഊരുചുറ്റുന്ന അധര്‍മ്മത്തിന്റെ ദ്രോഹികള്‍ക്കെതിരെ പ്രതിരോധനിര സൃഷ്ടിച്ച മികച്ച കാവല്‍ക്കാരനെ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. പിടയ്ക്കുന്ന വരികളും കരയുന്നവാക്കുകളും വിതുമ്പുന്ന അക്ഷരങ്ങളും പാവങ്ങള്‍ക്കായി നല്കിയ നീതിയുടെ കുലപതി അസ്തമിച്ചിരിക്കുന്നു.
തലമുറയ്ക്കായി പുത്തന്കൃഷ്ണയ്യര്മാര് ഈ ധര്‍മ്മഭൂമിയില്‍ പിറക്കാന്‍ നമുക്ക് പ്രാര്ത്ഥിക്കുകയത്രെ കൃഷ്ണയ്യര്‍ക്കുള്ള ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: