ആറ് ദശകത്തിലേറെ കേരളത്തില്‍ സാമൂഹിക രാഷ്ട്രീയ ആധ്യാത്മിക മേഖലകളിലെല്ലാം ശോഭിച്ചുനിന്ന അത്യുജ്വല പ്രകാശമായിരുന്നു ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍. 1952ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും മദിരാശി അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുന്ന വേളയില്‍ സ്വാതന്ത്ര്യ സമ്പാദനത്തില്‍ പങ്കാളിയായ ഒരു യുവാവിന്റെ പ്രസരിപ്പായിരുന്നു.
കേരള രൂപീകരണത്തിനുശേഷം 57ല്‍ തലശ്ശേരിയില്‍ നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച കൃഷ്ണയ്യര്‍ പ്രതിനിധാനം ചെയ്തിരുന്നത് കോണ്‍ഗ്രസ് ഭരണത്തിനോടുള്ള അതൃപ്തിയും പരിവര്‍ത്തനത്തിനുവേണ്ടി ദാഹിക്കുന്ന ഒരു പുനോഗമന ചിന്തകന്റെ മനസുമായിരുന്നു.
1975ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിരിന്നുവെങ്കിലും തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയോടുള്ള വിയോജിപ്പ് പ്രകടപ്പിച്ചുകൊണ്ട് തലശ്ശേരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാട്യം ഗോപാലനോട് മത്സരിക്കുകയും ഏതാനും വോട്ടുകള്‍ക്ക് പരാജയപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അഭിഭാഷകവൃത്തിയിലേക്ക് മടങ്ങുകയും പൊതുപ്രവര്ത്തനങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായ കൃഷ്ണയ്യര്‍ നീതിന്യായരംഗത്ത് ഭരണഘടനയുടെ അന്തഃസത്തയുടെ ഗുണഫലം സാധാരണക്കാരിലേക്കെത്തിക്കുന്ന ഒട്ടേറെ വിധിന്യായങ്ങള്‍ രചിച്ച് ചരിത്രം സൃഷ്ടിച്ചു.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ സ്വതന്ത്രനിലപാട് സ്വീകരിച്ച് കേരളത്തിന്റെ പൊതുജീവിതത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊണ്ടു. കോണ്‍ഗ്രസ്, കമ്മ്യൂണിസറ്റു പാര്‍ട്ടികളുടെ ജനവിരുദ്ധ നിലപാടുകളെ തുറന്ന് വിമര്‍ശിക്കാന്‍ കൃഷ്ണയ്യര്‍ മടികാട്ടിയിരുന്നില്ല.
ജീവിതാന്ത്യത്തില്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊണ്ട സമീപനങ്ങളെ പരസ്യമായി അംഗീകരിക്കാനും അനുമോദിക്കാനും കൃഷ്ണയ്യര്‍ സധൈര്യം മുന്നോട്ടുവന്നത് പലരെയും അദ്ഭുതപ്പെടുത്തി. ഇതിനെതിരെ ആക്ഷേപങ്ങളുയര്ന്നപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് തിന്റെ സമീപനത്തെ സാധൂകരിക്കുകയാണുണ്ടായത്.
ഇടതുവലതു മുന്നണികള്‍ ഏകസ്വരത്തില്‍ മോദിയെ വിമര്‍ശിച്ചിരുന്ന വേളയില്‍ അദ്ദേഹം വ്യത്യസ്തമായ ഒരു നിലപാട് കൈക്കൊണ്ടു എന്നത് കൃഷ്ണയ്യരുടെ ആദര്‍ശനിഷ്ട വ്യക്തമാക്കുന്നതാണ്.
നരേന്ദ്രമോദി കേരളത്തിലെത്തുന്ന സമയത്തെല്ലാം ജസ്റ്റിസ് കൃഷ്ണയ്യരെ കാണാനും അനുമോദിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൃഷ്ണയ്യര്‍ക്ക് 100 വയസ്സ് തികഞ്ഞപ്പോള്‍ അദ്ദേഹത്തെ അനുമോദിക്കാന്‍ പ്രധാനമന്ത്രി ദൂതനെ അയയ്ക്കുകയും ചെയ്തത് കൃഷ്ണയ്യരോട് മോദിക്കുള്ള ആദരവിന്റെ തെളിവാണ്.
ഗുജറാത്തില്‍ നരേന്ദ്രമോദി അഴിമതിരഹിതഭരണം കൊണ്ടുവരാനും ഭരണക്രമത്തില്‍ ഗുണകരമായ പരിവര്‍ത്തനം നടത്താന്‍ ശ്രദ്ധിച്ചതും മദ്യനിരോധനനിലപാടില് ഉറച്ചുനിന്നതും കൃഷ്ണയ്യര്‍ പ്രത്യേകം ശ്ലാഘിച്ചിരുന്നു. അധ്യാത്മിക ആചാര്യന്മാരോടുള്ള ആദരവും മമതയും പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ കൃഷ്ണയ്യര്‍ക്ക് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല. മാതാ അമൃതാനന്ദമയീ ദേവി, തഥാതന് തുടങ്ങിയ ആധ്യാത്മിക ആചാര്യന്മാരുടെ പരിപാടികളില്‍ കൃഷ്ണയ്യര്‍ പങ്കെടുക്കുക പതിവായിരുന്നു.
രാജ്യത്തിന്റെ ദേശീയതയ്ക്കും സാമൂഹികരംഗത്തെ പരിവര്‍ത്തനത്തിനും കൃഷ്ണയ്യര്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തില്‍ ഒരു ഭീഷ്മാചാര്യനെ നഷ്ടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: