ആലപ്പുഴ: ബൈപ്പാസ് നിര്‍മാണത്തിന്റെ പേരില്‍ സ്വകാര്യ കുത്തകസ്ഥാപനത്തിന് വേണ്ടി തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു. ദേശീയ പാതയില്‍ കളര്‍കോട് ജങ്ഷനു പടിഞ്ഞാറു ഭാഗത്ത് നിന്ന അഞ്ചോളം തണല്‍ വൃക്ഷങ്ങളാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വെട്ടി മാറ്റിയത്. ഇതിന് സമീപത്താണ് സ്വകാര്യ കുത്തകയുടെ ഉടമസ്ഥതയിലുള്ള നാലുനില ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. ഈ ഷോപ്പിങ് കോംപ്ലസിന് ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി റോഡ് അരികിലെ കൂറ്റന്‍ തണല്‍മരം വെട്ടിമാറ്റുകയായിരുന്നു. എന്നാല്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മരം വെട്ടി മാറ്റിയതെന്നാണ് ദേശീയപാത ഉദ്യോഗസ്ഥരുടെ വാദം.
മരങ്ങള്‍ മുറിച്ചു മാറ്റിയ സ്ഥലത്തു നിന്നും 100 മീറ്റര്‍ വടക്കു ഭാഗത്തായാണ് ബൈപ്പാസ് .അതിനാല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് മരങ്ങള്‍ തടസമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും ദിവസങ്ങള്‍മുമ്പാണ് മരങ്ങള്‍ മുറിക്കല്‍ ആരംഭിച്ചത്. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിലര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അപകടാവസ്ഥയിലല്ലായിരുന്ന മരങ്ങള്‍ കളര്‍കോട് ജങ്ഷനില്‍ എത്തുന്ന കാല്‍നടക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും ഏറെ തണലേകിയിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റിയതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഇതില്‍ ഭരണകക്ഷിയില്‍പ്പെട്ട ഒരു ഘടക കക്ഷിയുടെ നേതാക്കളും പങ്കുവഹിച്ചതായി സൂചനയുണ്ട്.
ദേശീയ പാതയോരത്തു അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന അനേകം വടവൃക്ഷങ്ങളാണുള്ളത്. എന്നാല്‍ നാട്ടുകാര്‍ നിരവധി പരാതി നല്‍കിയിട്ടും മരങ്ങളുടെ ഒരു ശിഖരം പോലും വെട്ടി മാറ്റാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. മരങ്ങള്‍ വെട്ടി മാറ്റിയതിനെക്കുറിച്ചു വിജിലന്‍സ് അന്വേഷിച്ച് ദേശീയപാത ഉദ്യോഗസ്ഥരുടെയും ഇതിനു കൂട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ ചെന്നെത്തിയ കോഴയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും ഉറക്കം നടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: