പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു. ആറ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണ് വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലായി പൂര്‍ത്തിയാകുന്ന പെരുന്തേനരുവി പദ്ധതി.
പെരുന്തേനരുവിയുടെ സ്വാഭാവിക ഒഴുക്കിന് തടസം വരാത്തവിധമാണ് പദ്ധതി നടപ്പാക്കുക. മഴക്കാലത്ത് പുഴയില്‍ അധികമായി ഒഴുകിയെത്തുന്ന വെള്ളം തടയണയില്‍ സംഭരിച്ച് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി പവര്‍ ഹൗസില്‍ എത്തിക്കും. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചശേഷം മറ്റൊരു ടണല്‍ വഴി വെള്ളം പുഴയിലേക്ക് തിരികെ ഒഴുക്കുകയും ചെയ്യും.
ജലം സംഭരിക്കുന്നതിനായി ആറരമീറ്റര്‍ ഉയരവും 250 മീറ്റര്‍ നീളവുമുള്ള തടയണയാണ് നിര്‍മിക്കുന്നത്. തടയണ നിര്‍മാണം പുരോഗമിക്കുകയാണ്. പവര്‍ഹൗസ്, പവര്‍ ചാനല്‍ എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. 67.9 കോടി രൂപ ചെലവില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായവും ലഭ്യമാണ്. പിജിസിഎല്‍ എന്ന കമ്പനിയ്ക്കാണ് പണികളുടെ ചുമതല.
പെരുന്തേനരുവിയില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗര്‍ഭ കേബിളുകള്‍, വൈദ്യുത ലൈന്‍ എന്നിവയിലൂടെ റാന്നി-പെരുനാട്, റാന്നി സബ് സ്റ്റേഷനുകളിലെത്തും. 12 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുത ലൈനിലൂടെയും 12.2 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ കേബിളിലൂടെയുമാണ് ഇത് സാധ്യമാക്കുക. വൈദ്യുത ലൈന്‍, ഭൂഗര്‍ഭ കേബിളുകള്‍ എന്നിവ സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുകയാണ്. ഫ്ളോവെല് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് ഇവയുടെ നിര്‍മാണ ചുമതല.
അടുത്ത കാലവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങും വിധമാണ് നിര്‍മാണം പുരോഗമിക്കുന്നത്. പുഴയില്‍ അധികമായി എത്തുന്ന വെള്ളം ഉപയോഗിച്ച് വര്‍ഷത്തില്‍ ഏഴുമാസവും വൈദ്യുതി ഉല്പാദനം നടത്താനാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നത്. വൈദ്യുതോല്പാദനം നടക്കാത്ത സമയത്ത് കുടിവെള്ളത്തിനായും ജലസേചനത്തിനായും തടയണ പ്രയോജനപ്പെടുത്തും.
പെരുന്തേനരുവി പദ്ധതി വൈദ്യുതി ഉല്പാദനം തുടങ്ങുന്നതോടെ സമീപ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. മൂലമറ്റത്തുനിന്ന് വൈദ്യുതി ലഭിക്കാതാകുന്ന സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ലഭ്യമാക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുമെന്ന് വൈദ്യുതി ബോര്‍ഡ് പ്രോജക്ട് മാനേജര്‍ ജോജി ജോര്‍ജ് മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: